---
title: "ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ ;  ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ"
english_title: "ISRO creates history; 100th launch from Sriharikota a success, NVS-02 satellite in orbit"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266548/isro-creates-history-100th-launch-from-sriharikota-a-success-nvs-02-satellite-in-orbit"
published_at: "2025-01-29T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799bbed1418c_Untitled-2_copy.jpg"
keywords: []
---

# ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ ;  ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

> **Lead Summary:** ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു.

## Article Content

ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു.

ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിര്‍ണായ ഉപഗ്രഹമായ എൻവിഎസ്-2 വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷന്‍ ഡയറക്ടര്‍.

1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇസ്രൊ ആദ്യ വിക്ഷേപണം നടത്തിയത്. അന്നത്തെ കന്നി ദൗത്യ സ്വപ്നങ്ങള്‍ 317-ാം സെക്കന്‍ഡില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസ്തമിച്ചു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കുതിച്ച ഐഎസ്ആര്‍ഒ നാല് വീതം എസ്എല്‍വി-3, എഎസ്എല്‍വി വിക്ഷേപണങ്ങളും, 62 പിഎസ്എല്‍വി വിക്ഷേപണങ്ങളും, 17 ജിഎസ്എല്‍വി വിക്ഷേപണങ്ങളും (ഇന്നത്തേത് ഉള്‍പ്പടെ), ഏഴ് എല്‍വിഎം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്എസ്എല്‍വി വിക്ഷേപണങ്ങളും, ഓരോ ആര്‍എല്‍വി ഹെക്സ്, ടെസ്റ്റ് വെഹിക്കിള്‍ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയില്‍ നടത്തി വിജയഗാഥ രചിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266548/isro-creates-history-100th-launch-from-sriharikota-a-success-nvs-02-satellite-in-orbit)