---
title: "രാജ്യത്തെ കാവിവൽക്കരിക്കാനാണ് പുതിയ കേന്ദ്ര വിദ്യാഭ്യാസ പരിഷ്ക്കാരമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ ; കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കം"
english_title: "Chief Minister Pinarayi Vijayan says new central education reforms are aimed at saffronizing the country; Delegates' conference begins as part of Kozhikode district conference"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/266589/chief-minister-pinarayi-vijayan-says-new-central-education-reforms-are-aimed-at-saffronizing-the-country-delegates-conference-begins-as-part-of-kozhikode-district-conference"
published_at: "2025-01-29T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799d2d89763e_6799c7ed2143e_pinarayi.jpg"
keywords: []
---

# രാജ്യത്തെ കാവിവൽക്കരിക്കാനാണ് പുതിയ കേന്ദ്ര വിദ്യാഭ്യാസ പരിഷ്ക്കാരമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ ; കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കം

> **Lead Summary:** വിദ്യാഭ്യാസത്തെ വർഗീയ വൽക്കരിച്ചാൽ ഭാവിയിൽ തങ്ങൾക്ക് അനുഗുണമാകുമെന്ന വിശ്വാസത്തിൽ കേന്ദ്ര ഭരണം ഉപയോഗിച്ച് ബി ജെ പിയും ആർഎസ്എസ്സും വിദ്യാഭ്യാസത്തിലും പിടി മുറുക്കയാണ്.

## Article Content

വിദ്യാഭ്യാസത്തെ വർഗീയ വൽക്കരിച്ചാൽ ഭാവിയിൽ തങ്ങൾക്ക് അനുഗുണമാകുമെന്ന വിശ്വാസത്തിൽ കേന്ദ്ര ഭരണം ഉപയോഗിച്ച് ബി ജെ പിയും ആർഎസ്എസ്സും വിദ്യാഭ്യാസത്തിലും പിടി മുറുക്കയാണ്.

രാജ്യത്തെ കാവിവൽക്കരിക്കാനാണ് പുതിയ വിദ്യാഭ്യാസ പരിഷ്ക്കാരമെന്നും സിപിഐ എം പി ബി അംഗം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വടകരയിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ വിദ്യാഭ്യാസം തകർത്ത് ഭരണഘടനയിലുള്ള വിശ്വാസം നഷ്ടപെടുത്തി രാജ്യത്തെ ഫെഡറൽ സംവിധാനം ഇല്ലാതാക്കി മാറ്റാനാണ് അവരുടെ ലക്ഷ്യം.

ലോകത്തിന് ദിശാബോധം പകരുന്നത് കമ്മ്യൂണിസമാണ്. സോഷ്യലിസത്തിന് തിരിച്ചടിയേറ്റു എന്നത് ശരിയാണ്. എന്നാൽ ലോകത്ത് ഇന്ന് അഞ്ചിലൊന്ന് ജനങ്ങൾ കമ്മ്യൂണിസ്റ്റ്കാരെയാണ് അധികാരത്തിലേറ്റിയത്. മാർക്സിസം അജയ്യമാണ് എന്നതിൻ്റെ തെളിവാണ് ഇത്.

രാജ്യത്തെ മതാധിഷ്ടിത രാഷ്ട്രമാക്കി മാറ്റാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് സിപിഐ എം ആണ്.

ദ്വിമുഖ പോരാട്ടമാണ് പാർട്ടി നടത്തുന്നത്. ഒരു വശത്ത് വർഗീയതയെ പ്രതിരോധിക്കുക. മതനിരപേക്ഷ കാഴ്ച്ചപ്പാടുള്ള എല്ലാവരെയും ഏകോപിപ്പിക്കുക. ഒപ്പം ആഗോളവൽക്കരണത്തെ ചെറുക്കുക.

ബിജെപി വിരുദ്ധരെ ഏകോപിപ്പിക്കാനും അതുവഴി വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നത് തടയാനും കഴിഞ്ഞു.

പ്രാദേശിക പാർട്ടികളാണ് ഇതിൽ വലിയ പങ്ക് വഹിച്ചത്. എന്നാൽ കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ ഇത് വിജയം കണ്ടില്ല.

സങ്കുചിത താല്പര്യങ്ങളും കോൺഗ്രസിലെ ഐക്യമില്ലായ്മയുമാണ് ഈ സംസ്ഥാനങ്ങളിൽ ബി ജെ പിയുടെ മുന്നേറ്റത്തിന് കാരണം.

രാജ്യത്തിലെ യാഥാർത്യം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടുത്താനോ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോപം സംഘടിപ്പിക്കുന്നതിലും കോൺഗ്രസ് പരാജയപ്പെടുകയാണ്. ഇതാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട്.

ലോകത്ത് വലതുപക്ഷ ശക്തികൾ പിടിമുറുക്കുന്നു. കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാനാണ് ആഗോളവൽക്കരണം ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

ഇതിനിടയിലുണ്ടാകുന്ന ജനകീയ പ്രതിഷേധം ഭരണകൂടം വഴി തിരിച്ച് വിടുകയാണ്. ജനകീയ പ്രതിഷേധത്തെ ശരിയായ ദിശയിലൂടെ നയിക്കാൻ കഴിയണം. ശരിയായ രാഷ്ട്രീയ കാഴ്ച്ചപ്പാടോടെ ജനകീയ പ്രക്ഷോഭത്തെ നയിക്കാത്തത് കൊണ്ടാണ് ഭരണ കൂടമാറ്റം ഉണ്ടാകാത്തത്.

ശരിയായ രാഷ്ട്രീയ ധാരണയും ബദൽ സമീപനവും വിജയിച്ചതിന് തെളിവാണ് ശ്രീലങ്കയിലെ ഭരണമാറ്റം. അസംതൃപ്തരായ ജനതയ്ക്ക് ശരിയായി നയിക്കാനുള്ള നേതൃത്വം ഉണ്ടാകണം. അമേരിക്കയിലെ ട്രംപിന്റെ വിജയം ലോകത്തിലെ തന്നെ വലിയ തിരിച്ചടികളിൽ ഒന്നാണ്.

പ്രാചീന ചിന്തകളെ ആധുനികതയുടെ വേഷം കെട്ടിച്ച് തിരിച്ച് കൊണ്ടുവരുവാൻ ബോധപൂർവ്വമായ ചില ശ്രമങ്ങൾ നടന്നു വരികയാണ്. ഇതും തിരിച്ചറിയണം.

ഫെഡറൽ സംവിധാനം തകർക്കുന്നു. രാജ്യത്ത് കേന്ദ്രീകൃതമായ ഭരണ സംവിധാന വേണം.

എന്നാൽ സംതൃപ്തമായ സംസ്ഥാന ഭരണമായിരിക്കണം. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നതും ശക്തമായിരിക്കുകയാണ്.കാവിവൽകരണമാണ് ലക്ഷ്യം .

വിലിയ തോതിലുള്ള പ്രത്യാഘാതമാണ് രാജ്യത്ത് വരാൻ പോകുന്നത്. എല്ലാ അധികാരങ്ങളും കേന്ദ്രത്തിൻ്റെ കൈളിൽ എത്തിക്കാനും ലക്ഷ്യമുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സർവ്വാധികാരിയായി ഗവർണർക്ക് അധികാരം നൽകുക വഴി സംസ്ഥാനങ്ങൾക്കുള്ള അധികാരം പൂർണമായി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാൻ ശ്രമിക്കുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/266589/chief-minister-pinarayi-vijayan-says-new-central-education-reforms-are-aimed-at-saffronizing-the-country-delegates-conference-begins-as-part-of-kozhikode-district-conference)