---
title: "തലശേരിയിൽ കുഴിപ്പങ്ങാടിന് പിന്നാലെ കണ്ടിക്കലിലും ഏക്കറുകണക്കിന് തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നു ;  രാഷ്ട്രീയക്കാരുടെ മുഖമൊ, കൊടിയുടെ നിറമൊ നോക്കാതെ തടയുമെന്ന് മുസ്ലിം യൂത്ത് ലീഗ്"
english_title: "After Kuzhippangadu in Thalassery, acres of wetlands are being filled with soil in Kandikal; Muslim Youth League says it will stop it regardless of the face of politicians or the color of the flag"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267402/after-kuzhippangadu-in-thalassery-acres-of-wetlands-are-being-filled-with-soil-in-kandikal-muslim-youth-league-says-it-will-stop-it-regardless-of-the-face-of-politicians-or-the-color-of-the-flag"
published_at: "2025-02-01T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e4779c3c93_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ കുഴിപ്പങ്ങാടിന് പിന്നാലെ കണ്ടിക്കലിലും ഏക്കറുകണക്കിന് തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നു ;  രാഷ്ട്രീയക്കാരുടെ മുഖമൊ, കൊടിയുടെ നിറമൊ നോക്കാതെ തടയുമെന്ന് മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** തലശ്ശേരി:തലശ്ശേരി കുഴിപ്പങ്ങാടിന് പിന്നാലെ കണ്ടിക്കലിലും തണ്ണീർത്തടം നികത്തുന്നതിനെതിരെ പ്രതിഷേധം. കണ്ടിക്കലിൽ തലശ്ശേരി ബൈപ്പാസിന് സമീപം ഏക്കർക്കണക്കിന് ചതുപ്പ് നിലമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുന്നത്.

## Article Content

തലശ്ശേരി:തലശ്ശേരി കുഴിപ്പങ്ങാടിന് പിന്നാലെ കണ്ടിക്കലിലും തണ്ണീർത്തടം നികത്തുന്നതിനെതിരെ പ്രതിഷേധം. കണ്ടിക്കലിൽ തലശ്ശേരി ബൈപ്പാസിന് സമീപം ഏക്കർക്കണക്കിന് ചതുപ്പ് നിലമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുന്നത്.

കണ്ടിക്കലിൽ പുഴയോട് ചേർന്നുള്ള ഒന്നര ഏക്കറോളം ചതുപ്പ് നിലമാണ് കടുത്ത പരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കും വിധം മണ്ണിട്ട് നികത്തുന്നത്. തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു.

തലശ്ശേരിയിലും, കണ്ടിക്കലിലും തണ്ണീർതടങ്ങളും കണ്ടൽ കാടുകളും മണ്ണിട്ട് നികത്തുമ്പോൾ തലശേരി വെള്ളപൊക്ക ഭീഷണി നേരിടും. നാടിനെ അപകടപ്പെടുത്തി മണിമാളികകൾ പണിയാനുള്ള നീക്കം യൂത്ത് ലീഗ് പ്രവർത്തകർ ജീവൻ നൽകിയും തടയും.രാഷ്ട്രീയക്കാരുടെ മുഖമൊ, കൊടിയുടെ നിറമൊ, പണത്തിൻ്റെ ഹുങ്കോ യൂത്ത് ലീഗ് നോക്കില്ല. നാട് നിലനിൽക്കണം. കേരളത്തിലിനിയൊരു കവളപ്പാറയൊ, പുത്തുമലയൊ ആവർത്തിക്കരുത്. ദുരിതങ്ങളെ ചാകരയാക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും നസീർ നെല്ലൂർ കുറ്റപ്പെടുത്തി. യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു. ഷാനിദ് മേക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഏ.കെ. ആബൂട്ടി ഹാജി, ബഷീർ ചെറിയാണ്ടി, സാഹിർ പാലക്കൽ, ഹാരിസ് ഹാജി, ഷഹബാസ് കായ്യത്ത്, കെ.സി. ഷബീർ, ടി.കെ. ജമാൽ , ജംഷീർ മഹമൂദ്, റഹ്മാൻ തലായി . റമീസ് നരസിംഹ , അഫ്സൽ മട്ടാമ്പ്രം, സഫീർ മത്തിപ്പറമ്പ്, ടി.പി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ട് സ്വാഗതവും ട്രഷറർ ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു.

തുടർന്ന് പ്രകടനമായെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ മണ്ണിട്ടിടത്ത് കൊടികൾ നാട്ടി. മജീദ് കെ.വി, ശുഐബ് ഏ.കെ, അസ്ഹറുദ്ദിൻ , എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267402/after-kuzhippangadu-in-thalassery-acres-of-wetlands-are-being-filled-with-soil-in-kandikal-muslim-youth-league-says-it-will-stop-it-regardless-of-the-face-of-politicians-or-the-color-of-the-flag)