---
title: "ജാഗ്രത വേണം ;  സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Caution required; Chance of rain with thunderstorm in the state, yellow alert in three districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/278183/caution-required-chance-of-rain-with-thunderstorm-in-the-state-yellow-alert-in-three-districts"
published_at: "2025-03-22T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de45969fb4c_Untitled-1_copy.jpg"
keywords: []
---

# ജാഗ്രത വേണം ;  സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണെന്നും കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/278183/caution-required-chance-of-rain-with-thunderstorm-in-the-state-yellow-alert-in-three-districts)