---
title: "എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത ;  ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ തലശേരി  സ്വദേശിനി സഫ്രീന ലത്തീഫ്"
english_title: "The first Malayali woman to climb Everest; Thalassery native Safrina Latif, a Qatari expatriate, makes history"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/291346/the-first-malayali-woman-to-climb-everest-thalassery-native-safrina-latif-a-qatari-expatriate-makes-history"
published_at: "2025-05-21T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d724d02aac_Untitled-5_copy.jpg"
keywords: []
---

# എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത ;  ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ തലശേരി  സ്വദേശിനി സഫ്രീന ലത്തീഫ്

> **Lead Summary:** തലശേരി: എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് ഖത്തർ പ്രവാസിയായ തലശേരി സ്വദേശിനി സഫ്രീന ലത്തീഫ്. 8,848 മീറ്റർ ഉയരമുള്ള കൊടുമുടി 20 മണിക്കൂറിലധികം കുത്തനെ കയറിയാണ് കീഴടക്കിയത്.

## Article Content

തലശേരി: എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് ഖത്തർ പ്രവാസിയായ തലശേരി സ്വദേശിനി സഫ്രീന ലത്തീഫ്. 8,848 മീറ്റർ ഉയരമുള്ള കൊടുമുടി 20 മണിക്കൂറിലധികം കുത്തനെ കയറിയാണ് കീഴടക്കിയത്.

ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ മേയ്​ 18 ഞായറാഴ്​ച രാവിലെ നേപ്പാൾ സമയം 10.25ഓടെയാണ്​ എവറസ്​റ്റ്​ കൊടുമുടി തൊട്ടുകൊണ്ട്​ സഫ്രീന ചരിത്രം കുറിച്ചത്​. ഈ നേട്ടത്തോടെ, എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഖത്തറിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രവാസി വനിതയും കേരളത്തിൽ നിന്നുള്ള ആദ്യ വനിതയുമായി അവർ മാറി.

ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷമീലിനൊപ്പം സഫ്രീനയും വർഷങ്ങളായി പർവതാരോഹണം ഹോബിയാക്കിയവരാണ്​. ഇരുവരും 2021ൽ ടാൻസാനിയയിലെ കിലിമഞ്ജാരോ (5,895 മീ.), 2022ൽ അർജന്റീനയിലെ അക്കോൻകാഗ്വാ (6,961 മീ.) 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീ.) എന്നീ കൊടുമുടികൾ വിജയകരമായി കീഴടക്കിയിട്ടുണ്ട്.

2023ൽ കസാക്കിസ്ഥാനിലെ ഉയരം കൂടിയ ഹിമഗിരികളിൽ ഐസ് പരിശീലനവും പൂര്‍ത്തിയാക്കി. പരിക്കിനെ തുടർന്ന്​ ഡോ. ഷമീലിന് എവറസ്​റ്റ്​ സ്വപ്​നത്തിൽ നിന്ന് പിന്മാറേണ്ടി വന്നപ്പോഴും സ്വപ്​നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കി​ ഈ ഏപ്രിൽ 12നാണ്​ ​ദോഹയിൽ നിന്നും നേപ്പാളിലേക്ക്​ യാത്രയായത്.​

എലീറ്റ്‌ എക്സ്‌പെഡ് എന്ന പർവതാരോഹണ കമ്പനിക്കൊപ്പമാണ് സഫ്രീന എവറസ്റ്റ് കൊടുമുടിയിലേക്ക് പുറപ്പെട്ടത്. ദൗത്യം വിജയകരമായി പൂർത്തിയാക്കി ക്യാമ്പ് 2-ൽ സുരക്ഷിതമായി ഇറങ്ങിയതിനു ശേഷം, തനിക്ക് പൂർണ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഫ്രീന നന്ദി പറഞ്ഞു. ഒപ്പം ഏവറസ്റ്റിന് മുകളിലെത്താൻ സഹായിച്ച എലൈറ്റ് എക്സ്പെഡിനും നന്ദി പറഞ്ഞു.

ഖത്തറിലെ സ്ത്രീകളും പെൺകുട്ടികളു മടക്കമുള്ള സാഹസികർക്ക് പ്രചോദനമാവുകയാണ് ഈ പ്രവാസി വനിത. വേണ്ടത്ര ദൃഢനിശ്ചയമുണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി പോലും കീഴടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് സഫ്രീനയുടെ നേട്ടം. വേങ്ങാട്​ കെപി സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പിഎം അബ്​ദുൽ ലത്തീഫിന്റെയും മകളാണ്​ സഫ്രീന. മിൻഹ മകളാണ്​.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/291346/the-first-malayali-woman-to-climb-everest-thalassery-native-safrina-latif-a-qatari-expatriate-makes-history)