---
title: "ആറ് വർഷം ഇടിച്ചു പൊളിച്ചിട്ടും  ധർമ്മടം കടലിൽ മാലി  പൊളിക്കപ്പൽ പിന്നെയും ബാക്കി "
english_title: "Despite being demolished for six years, the wreck of the Mali ship still remains in the Dharmadam sea."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/307265/despite-being-demolished-for-six-years-the-wreck-of-the-mali-ship-still-remains-in-the-dharmadam-sea"
published_at: "2025-08-08T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895c0daec7b6_Untitled-5_copy.jpg"
keywords: []
---

# ആറ് വർഷം ഇടിച്ചു പൊളിച്ചിട്ടും  ധർമ്മടം കടലിൽ മാലി  പൊളിക്കപ്പൽ പിന്നെയും ബാക്കി 

> **Lead Summary:** ധർമ്മടം:നീണ്ട ആറ് വർഷക്കാലം സാങ്കേതിക വിദഗ്ദരും ഖലാസികളും കിണഞ്ഞു ശ്രമിച്ചിട്ടും ധർമ്മടം കടലിലെ മൺതിട്ടയിൽ കുടുങ്ങിയ മാലി പൊളിക്കപ്പൽ ഒയിവാലി പൂർണ്ണമായും പൊളിച്ചു മാറ്റാനായില്ല. തൂത്തുക്കുടിക്കാരൻ സംരംഭകൻ മാലിദ്വീപിൽ നിന്നും ഏറ്റെടുത്ത് പൊളിക്കാനായി ടഗ്ഗിൽ കോർത്ത് വടം കെട്ടി കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടയിൽ പുറംകടലിലെ പ്രളയത്തിൽ ഉലഞ്ഞ് വടം പൊട്ടി നിയന്ദ്രണം വിട്ടാണ് കപ്പൽ ധർമ്മടം വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് എത്തിയത്.

## Article Content

ധർമ്മടം:നീണ്ട ആറ് വർഷക്കാലം സാങ്കേതിക വിദഗ്ദരും ഖലാസികളും കിണഞ്ഞു ശ്രമിച്ചിട്ടും ധർമ്മടം കടലിലെ മൺതിട്ടയിൽ കുടുങ്ങിയ മാലി പൊളിക്കപ്പൽ ഒയിവാലി പൂർണ്ണമായും പൊളിച്ചു മാറ്റാനായില്ല. തൂത്തുക്കുടിക്കാരൻ സംരംഭകൻ മാലിദ്വീപിൽ നിന്നും ഏറ്റെടുത്ത് പൊളിക്കാനായി ടഗ്ഗിൽ കോർത്ത് വടം കെട്ടി കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടയിൽ പുറംകടലിലെ പ്രളയത്തിൽ ഉലഞ്ഞ് വടം പൊട്ടി നിയന്ദ്രണം വിട്ടാണ് കപ്പൽ ധർമ്മടം വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് എത്തിയത്.

2019 ആഗസ്റ്റ് 8 ന് രാവിലെയായിരുന്നു ദേശവാസികൾക്കാകെ അത്ഭുതവും കൌതുകവുമായ കപ്പലിന്റെ രാജകിയ പ്രത്യക്ഷപ്പെടൽ.അന്ന് മുതൽ ഇതിനെ  കണ്ണൂർ അഴിക്കലിലെ സിൽക്ക് യാർഡിലെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സാധ്യമായില്ല.

കരയിലും കടലിലും ഉണ്ടാവുന്ന ഏത് പ്രതിസന്ധികളിലും നാടിന്റെ തുണയ്ക് എത്തുന്ന ഖലാസികൂട്ടായ്മ ആദ്യമായി പരാജയം സമ്മതിച്ച് പിൻവാങ്ങിയതും ധർമ്മടം കടലിൽ പൂണ്ട പൊളി കപ്പലിന്റെ നാൾ വഴി ചരിത്രം .ഖലാ സികൾക്ക് പിറകെ ബലൂൺ സാങ്കേതിക വിദ്യയുമായി ചെെന്നെയിൽ നിന്നും വിദഗ്ദരെത്തി. അവർക്കും കപ്പലിനെ മൺതിട്ടയിൽ നിന്നും ഉയർത്താനായില്ല. ഏറെ എഞ്ചിൻ ശക്തിയുള്ള ബോട്ടുകൾ എത്തിച്ച് കെട്ടിവലിച്ചു മാറ്റാനായിരുന്നു അടുത്ത ശ്രമം..

ഇതിനായി മൂന്ന് ബോട്ടുകൾ ചെന്നൈയിൽ നിന്ന് എത്തിച്ചു. മൂന്നും കൂട്ടിക്കെട്ടി നടത്തിയ അതിസാഹസ യജ്ഞത്തിനിടയിൽ  ഒരു ബോട്ടിന് തീപിടിച്ചുവെന്നല്ലാതെ കപ്പൽ നിന്നിടത്തു നിന്നും ഇളക്കാനായില്ല..

ഇതോടെ പൂണ്ട സ്ഥലത്ത് വച്ച് തന്നെ തുണ്ടംതുണ്ടമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വർഷളായി തട്ടിയും മുട്ടിയും മുറിച്ചു മാറ്റിയും  കപ്പലിന്റെ മുകൾ നിലകൾ മുക്കാൽ ഭാഗവും അടർത്തി.പൊളിച്ചിട്ട ഭാഗങ്ങൾ ക്രെയിനും വീഞ്ചും ഉപയോഗിച്ച് കടലിൽ നിന്നും കരയിലേക്ക് വലിച്ചു മാറ്റി.

പ്രവൃത്തി തുടരുന്നതിനിടയിൽ മഴക്കാലമെത്തിയതോടെ  പൊളിച്ചടുക്കൽ  മുടങ്ങി.അടുത്തത് വെള്ളത്തിനടിയിലെ യന്ദ്രഭാഗങ്ങളാണ് .ഇത് പൊളിക്കുമ്പോൾ മാരക രാസവസ്തുക്കൾ കടലിൽ കലരുമെന്ന ' ആശങ്ക മത്സ്യ തൊഴിലാളികൾക്കും നാട്ടുകാർക്കുമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/307265/despite-being-demolished-for-six-years-the-wreck-of-the-mali-ship-still-remains-in-the-dharmadam-sea)