---
title: " ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ; തലശേരിയിലെ മൂന്നാം ക്ലാസുകാരൻ്റെ ഉത്തരക്കടലാസ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി"
english_title: "Winners should not make fun of losers, says Education Minister, sharing answer sheet of third grader from Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314543/winners-should-not-make-fun-of-losers-says-education-minister-sharing-answer-sheet-of-third-grader-from-thalassery"
published_at: "2025-09-13T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5062b0f20f_Untitled-1_copy.jpg"
keywords: []
---

#  ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ; തലശേരിയിലെ മൂന്നാം ക്ലാസുകാരൻ്റെ ഉത്തരക്കടലാസ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ എഴുതിയ 'ജീവിതപാഠം' ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പരീക്ഷയിലെ ചോദ്യത്തിന് തലശേരി ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസുകാരനായ വിദ്യാർഥി നൽകിയ കൗതുകമുണർത്തുന്നതും, വലിയ സന്ദേശമുൾക്കൊള്ളുന്നതുമായ ഉത്തരമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

## Article Content

ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ എഴുതിയ 'ജീവിതപാഠം' ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പരീക്ഷയിലെ ചോദ്യത്തിന് തലശേരി ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസുകാരനായ വിദ്യാർഥി നൽകിയ കൗതുകമുണർത്തുന്നതും, വലിയ സന്ദേശമുൾക്കൊള്ളുന്നതുമായ ഉത്തരമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് കൊച്ചു വിദ്യാർത്ഥിയായ അഹാൻ അനൂപ് നൽകിയ മറുപടിയാണ് മന്ത്രിയുടെ ശ്രദ്ധയാകർഷിച്ചത്..

ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ' മത്സരത്തിന്റെ നിയമാവലി നൽകിയ ശേഷം സമാനമായി വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. 'സ്പൂണും നാരങ്ങയും' മത്സരത്തിന്റെ നിയമാവലിയാണ് അഹാൻ തയ്യാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങൾക്ക് പിന്നാലെ അഞ്ചാമതായാണ് 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നുകൂടെ അഹാൻ എഴുതിയിരിക്കുന്നത്.

തോൽവിയെന്തന്നറിയാതെ വളരുന്ന വിദ്യാർത്ഥി സമൂഹത്തിന് ചെറിയൊരു തോൽവി പോലും താങ്ങാൻ കഴിയുന്നില്ലെന്നിരിക്കെയാണ് ഈ കൊച്ചു മിടുക്കൻ്റെ ഇമ്മിണി വല്യ ഉത്തരം. തോൽക്കുന്നവരുടെ മാനസീകവ്യഥ കൂടി ഉൾക്കൊള്ളാൻ സമൂഹത്തിന് കഴിയണമെന്നാണ്

അഹാൻ്റെ ഉത്തരം നൽകുന്ന സന്ദേശം. പന്തക്കലിലെ മേഘമൽഹാറിൽ അനൂപ് കുമാറിൻ്റെയും, മാധ്യമ പ്രവർത്തക നിമ്യ നാരായണൻ്റെയും മകനാണ് അഹാൻ.

ജയിച്ചവർ തോറ്റവരെ കളിയാക്കരുത്...'. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ. അഹാൻ അനൂപ്, തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്', എന്നായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314543/winners-should-not-make-fun-of-losers-says-education-minister-sharing-answer-sheet-of-third-grader-from-thalassery)