---
title: "തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽമേള ; 200 ഓളം തസ്തികകളിലായി 900 ലധികം ഒഴിവുകൾ"
english_title: "Vigyan Keralam Thalassery Regional Job Fair opens up job opportunities; More than 900 vacancies in over 200 posts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314568/vigyan-keralam-thalassery-regional-job-fair-opens-up-job-opportunities-more-than-900-vacancies-in-over-200-posts"
published_at: "2025-09-13T12:42:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c51aa53dde2_Untitled-2_copy.jpg"
keywords: []
---

# തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽമേള ; 200 ഓളം തസ്തികകളിലായി 900 ലധികം ഒഴിവുകൾ

> **Lead Summary:** തലശ്ശേരി:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേള കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേള കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തുന്ന ജില്ലയിലെ നാലാമത്തെ തൊഴിൽമേളയാണിത്. ഇവിടെ ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്.

വിവിധ മേഖലകളിലെ 45 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന പ്രത്യേക ക്യാമ്പയിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. അടുത്ത ഒരു വർഷം ചുരുങ്ങിയത് മൂന്ന് ലക്ഷം പേർക്ക് സർക്കാരിതര മേഖലകളിലെ തൊഴിലവസരങ്ങൾ കണ്ടെത്തി ലഭ്യമാക്കാനാണ് ഈ ജനകീയ ഇടപെടൽ.

പത്താം തരം മുതല്‍ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്‌നിക്, ബി.ടെക് യോഗ്യതയുള്ളവര്‍ക്കും അവസരങ്ങളുണ്ട്.

ഗ്രാഫിക് ഡിസൈനര്‍, വെബ് ഡെവലപ്പര്‍, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്‌നീഷ്യന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍വീസ് എഞ്ചിനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ടെലികോളര്‍, ലാബ് ടെക്‌നീഷ്യന്‍, ജനറല്‍ നഴ്‌സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഓഫീസര്‍ തുടങ്ങിയ നിരവധി അവസരങ്ങൾ മേളയിലുണ്ട്.

യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണും ജോബ് ഫെയറില്‍ പങ്കെടുത്തു.

തലശ്ശേരി സെന്റ് ജോസ്ഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി പി അനിത അധ്യക്ഷയായി. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത് തൊഴിൽമേള വിശദീകരണം നടത്തി. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ആർ വസന്തൻ മാസ്റ്റർ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ്‌ എം പി ശ്രീഷ, സെന്റ് ജോസഫ് എച്ച്. എസ്. എസ് മാനേജർ ബെന്നി മണപ്പാട്, പ്രിൻസിപ്പൽ ഷാജി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഡി പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314568/vigyan-keralam-thalassery-regional-job-fair-opens-up-job-opportunities-more-than-900-vacancies-in-over-200-posts)