---
title: "തലശേരി സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം 24,25,27,28 തീയ്യതികളിലായി സേക്രട്ട് ഹാർട്ട് ജി.എച്ച്.എസ്.എസിൽ ;  5495 മത്സരാർത്ഥികൾ മാറ്റുരക്കും"
english_title: "Thalassery South Sub-district Kerala School Kalolsavam to be held on 24th,25th,27th,28th at Sacred Heart GHSS; 5495 contestants will compete"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/321896/thalassery-south-sub-district-kerala-school-kalolsavam-to-be-held-on-24th25th27th28th-at-sacred-heart-ghss-5495-contestants-will-compete"
published_at: "2025-10-22T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8880c172d8_Untitled-6_copy.jpg"
keywords: []
---

# തലശേരി സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം 24,25,27,28 തീയ്യതികളിലായി സേക്രട്ട് ഹാർട്ട് ജി.എച്ച്.എസ്.എസിൽ ;  5495 മത്സരാർത്ഥികൾ മാറ്റുരക്കും

> **Lead Summary:** തലശേരി: സൗത്ത് ഉപജില്ലക്ക് കീഴിലെ ഹയർ സെക്കന്റി, ഹൈസ്കൂൾ, യു.പി., എൽ.പി., വിദ്യാലയങ്ങളിൽ നിന്നായി 5495ഓളം മത്സരാർത്ഥികൾ മാറ്റുരക്കാനെത്തുന്ന കേരള സ്കൂൾ കലോത്സവത്തിന് വെള്ളി, ശനി, തിങ്കൾ, ചൊവ്വ നാല് ദിവസങ്ങളിലായി തലശ്ശേരിയിൽ നടക്കും.

## Article Content

തലശേരി: സൗത്ത് ഉപജില്ലക്ക് കീഴിലെ ഹയർ സെക്കന്റി, ഹൈസ്കൂൾ, യു.പി., എൽ.പി., വിദ്യാലയങ്ങളിൽ നിന്നായി 5495ഓളം മത്സരാർത്ഥികൾ മാറ്റുരക്കാനെത്തുന്ന കേരള സ്കൂൾ കലോത്സവത്തിന് വെള്ളി, ശനി, തിങ്കൾ, ചൊവ്വ നാല് ദിവസങ്ങളിലായി തലശ്ശേരിയിൽ നടക്കും.

സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ്  കലോത്സവത്തിന്റെ പ്രധാന വേദി ഒരുക്കുന്നത്. തൊട്ടടുത്ത ബി.ഇ.എം.പി എച്ച്.എസ്.എസ്., സെന്റ് ജോസഫ് എച്ച്.എസ്.എസ്., ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായി സജ്ജീകരിക്കുന്ന 13 വേദികളിലും ജനറൽ കലോത്സവം, സംസ്കൃതോത്സവം, അറബിക്ക് കലോത്സവം, എന്നിവ നടക്കും. ഗവ. ടൗൺ എച്ച്.എസ്.എസിലാണ് കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണശാല ഒരുക്കുന്നത്.

മത്സരത്തിന്റെ രജിസ്ട്രേഷൻ വ്യാഴാഴ്ചയും രചനാ മത്സരങ്ങൾ വെള്ളിയാഴ്ചയും സേക്രട്ട് ഹാർട്ട്സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ ഔപചാരികഉത്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ നിർവ്വഹിക്കും. സമാപന സമ്മേളനം ചൊവ്വാഴ്ച വൈകിട്ട് 4 ന് സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി ഉത്ഘാടനം ചെയ്യും.

മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപന ചടങ്ങിൽ വച്ച് സൗത്ത് എ.ഇ.ഒ. ഇ.പി.സുജാത വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജൻ, സംഘാടക സമിതി ഭാരവാഹികളായ സിസ്റ്റർ വി.ജെ. വില്ലി, സിസ്റ്റർ റോസെറ്റ്, രഹന നാരായണൻ, സിസ്റ്റർ പ്രിൻസി ആന്റണി, എം.സി. സഞ്ജയ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/321896/thalassery-south-sub-district-kerala-school-kalolsavam-to-be-held-on-24th25th27th28th-at-sacred-heart-ghss-5495-contestants-will-compete)