---
title: "വടക്കുമ്പാട് എസ്.എൻ പുരം ശ്രീ നാരായണ വായന ശാല ആൻറ് ഗ്രന്ഥാലയം സപ്തതി നിറവിൽ ; വിളംബര ബൈക്ക് റാലി നാളെ"
english_title: "Vadakkumpad SN Puram Sree Narayana Reading Room and Library completes its seventh anniversary; Announcement bike rally tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/322502/vadakkumpad-sn-puram-sree-narayana-reading-room-and-library-completes-its-seventh-anniversary-announcement-bike-rally-tomorrow"
published_at: "2025-10-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc8dde39f10_Untitled-3_copy.jpg"
keywords: []
---

# വടക്കുമ്പാട് എസ്.എൻ പുരം ശ്രീ നാരായണ വായന ശാല ആൻറ് ഗ്രന്ഥാലയം സപ്തതി നിറവിൽ ; വിളംബര ബൈക്ക് റാലി നാളെ

> **Lead Summary:** തലശ്ശേരി : വടക്കുമ്പാട് എസ്.എൻ.പുരം ശ്രീനാരായണ വായനശാല & ഗ്രന്ഥാലയം ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന പരിപാടികളോടെ സപ്ത‌തിയാഘോഷം സംഘടിപ്പിക്കും.സംഘാടകർ 1956 നവംമ്പർ 1 ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച വായനശാല ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച എ പ്ലസ് ലൈബ്രറികളിലൊന്നാണ്.

## Article Content

തലശ്ശേരി : വടക്കുമ്പാട് എസ്.എൻ.പുരം ശ്രീനാരായണ വായനശാല & ഗ്രന്ഥാലയം ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന പരിപാടികളോടെ സപ്ത‌തിയാഘോഷം സംഘടിപ്പിക്കും.സംഘാടകർ 1956 നവംമ്പർ 1 ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച വായനശാല ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച എ പ്ലസ് ലൈബ്രറികളിലൊന്നാണ്.

> ഒക്ടോബർ 30ന് വൈകുന്നേരം 4.30 ന് എഴുത്തുകാരൻ എം.മുകുന്ദൻ സപ്തതിയാ ഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 13 ലക്ഷം ചെലവഴിച്ചു സ്വന്തമായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള "സപ്‌തതി സ്‌മാരക ഇൻഡോർ ഓഡിറ്റോറിയം" ഡോ:വി.ശിവ ദാസൻ എം.പി.ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത കവിയും ചിത്രകാരനുമായ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷ നാവും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ബഹുവർണ്ണ കലണ്ടർ റബ്‌കോ ചെയർമാൻ കാരായി രാജൻ പ്രകാശനം ചെയ്യും. സജീവ് മാറോളി, സി.എൻ.ചന്ദ്രൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ:വി.പ്രദീപൻ, വായനശാല പ്രസിഡണ്ട് പാനോളി ആണ്ടി എന്നിവർ സംസാരിക്കും. തുടർന്ന് സപ്‌തതി വർഷത്തിൻ്റെ പ്രതീകമായി എഴുപത് കലാകാരന്മാർ അവതരിപ്പിക്കുന്ന "റിഥമിക് ഫ്യൂഷൻ മൂവ്സ്" അരങ്ങേറും.

ആഘോഷപരിപാടികളുടെ ഭാഗമായി വ്യത്യസ്‌ത മാസങ്ങളിൽ വീട്ടുമുറ്റ സദസ്സുകൾ, സംസ്ഥാന പ്രഫഷണൽ നാടകോത്സവം, തെരുവോര പ്രഭാഷണ പരമ്പര, സാമൂഹിക പാഠ ശാല, ബഹുജന വർണ്ണോത്സവം, ഗ്രന്ഥശാല അംഗ സംഗമം, ജെ.എം.സി.എഫ് ഡേ, വിജയോത്സവം, ഗതകാല പൈതൃക സ്‌മരണ, കലാകായികമേള, പ്രതിഭാ സംഗമം, മെഡിക്കൽ ക്യമ്പ്, സപ്തതിയാഘോഷ മാനവിക സദ്യോത്സവം, പരിസ്ഥിതിദിന ഓർമ്മമരം, സപ്തതി സമാപന മഹോത്സവം എന്നിവ സമയ ബന്ധിതമായി സംഘടിപ്പിക്കും.

സപ്തതിയാഘോഷത്തിൻ്റെ സന്ദേശം നാട്ടിലാകെ വിളംബരം ചെയ്യുന്ന ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന ഇരുചക്ര വാഹന ഘോഷയാത്ര 26ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി.എം. അഖിൽ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ, ജനറൽ കൺവീനർ രമേശൻ പനോളി, പ്രോഗ്രാം കൺവീനർ ടി. മനോഹരൻ,

വായനശാലാ പ്രസിഡണ്ട് പനോളി ആണ്ടി, കെ.രൂപേഷ്, സി. സന്തോഷ്, പി.കെ. ദിനേശൻ, രമണി, നിഖിഷ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/322502/vadakkumpad-sn-puram-sree-narayana-reading-room-and-library-completes-its-seventh-anniversary-announcement-bike-rally-tomorrow)