---
title: "തലശേരി ടൗൺ  തിളങ്ങുന്നു ; സൗന്ദര്യവത്ക്കരിച്ച എംജി റോഡ് തെരുവ് നാടിന് സമർപ്പിച്ചു."
english_title: "Thalassery Town shines; beautified MG Road dedicated to the nation."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324405/thalassery-town-shines-beautified-mg-road-dedicated-to-the-nation"
published_at: "2025-11-05T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ae372b9c5f_Untitled-3_copy.jpg"
keywords: []
---

# തലശേരി ടൗൺ  തിളങ്ങുന്നു ; സൗന്ദര്യവത്ക്കരിച്ച എംജി റോഡ് തെരുവ് നാടിന് സമർപ്പിച്ചു.

> **Lead Summary:** തലശേരി:സൗന്ദര്യവൽക്കരിച്ച എംജി റോഡ് തെരുവ് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. തെരുവിൽ ആട്ടവും പാട്ടും ഉത്സവാന്തരീക്ഷം സൃഷ്ടിച്ച പശ്ചാത്തലത്തിലാണു പരിപാടി ഉദ്ഘാടനം ചെയ്തത്.

## Article Content

തലശേരി:സൗന്ദര്യവൽക്കരിച്ച എംജി റോഡ് തെരുവ് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. തെരുവിൽ ആട്ടവും പാട്ടും ഉത്സവാന്തരീക്ഷം സൃഷ്ടിച്ച പശ്ചാത്തലത്തിലാണു പരിപാടി ഉദ്ഘാടനം ചെയ്തത്.

ബ്രിട്ടിഷുകാർ നട്ട ബാഓബാബ് വൃക്ഷത്തെ തലശ്ശേരിയിലെ പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചുകൊണ്ട് സ്പീക്കർ ശിലാഫലകം അനാഛാദനം ചെയ്തു.

നഗരസഭാ ഓഫീസ് മുതൽ പഴയ ബസ് സ്‌റ്റാൻഡ് കവല വരെയാണു റോഡും നടപ്പാതയും നവീകരിച്ചത്. നഗരസഭ 1.75 കോടി രൂപ ചെലവഴിച്ച് നഗരസഭാ ഓഫീസിനു മുൻവശം മുതൽ ജനറൽ ആശുപത്രി വരെ റോഡിന് ഇരുവശവും അഴുക്കുചാൽആഴം കൂട്ടി കോൺക്രീറ്റ് ചെയ്തു സ്‌ലാബിട്ടു.

രണ്ടാംഘട്ടത്തിൽ തുറമുഖ വകുപ്പിൻ്റെ 2.5 കോടി രൂപ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു. നഗരസഭ 90 ലക്ഷം രൂപയ്ക്ക് നടപ്പാതയുൾപ്പെടെ സൗന്ദര്യവൽക്കരിച്ചു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീക രണ പ്രവൃത്തി തുടങ്ങി.

എംജി റോഡിന്റെ വശങ്ങളിൽ ചെടിച്ചെട്ടികൾ കോൺക്രീറ്റ് ചെയ്‌ത്‌ പൂച്ചെടികൾ പിടിപ്പിച്ചു. നടപ്പാതയിൽ കട്ട സ്‌ഥാപിച്ചു.

നടപ്പാതയിൽ കരിങ്കല്ലുകൊണ്ടു ബിഇഎംപി സ്‌കൂളിന് മുന്നിൽ തണൽമരങ്ങൾക്ക് ചുറ്റും ഇരിപ്പിടമൊരുക്കി, അലങ്കാരവിളക്കുകൾ സ്‌ഥാപിച്ചു. ഗവ.ബ്രണ്ണൻ സ്കൂ‌ളിന്റെയും, ബിഇഎംപി എച്ച്എസ്എസിന്റെയും ചുമരിൽ വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ ചിത്രം വരച്ച് ആകർഷകമാക്കി.

ബിഇഎംപി സ്‌കൂളിന് മുന്നിലുള്ള തെരുവോര കച്ചവടക്കാരെ ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്തേക്ക് മാറ്റി.

നടപ്പാതയിൽ പാർക്കിങ് അനു വദിക്കില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324405/thalassery-town-shines-beautified-mg-road-dedicated-to-the-nation)