---
title: "തലശേരിയിൽ  കോൺഗ്രസിന് തലവേദനയായി  വിമതപക്ഷത്തിൻ്റെ നീക്കങ്ങൾ ; നിരവധി  പ്രാദേശിക നേതാക്കൾ രാജിക്കത്ത് നൽകി"
english_title: "The rebel faction's moves have become a headache for the Congress in Thalassery; several local leaders have submitted their resignations."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324872/the-rebel-factions-moves-have-become-a-headache-for-the-congress-in-thalassery-several-local-leaders-have-submitted-their-resignations"
published_at: "2025-11-07T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e1bc1b4e4c_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ  കോൺഗ്രസിന് തലവേദനയായി  വിമതപക്ഷത്തിൻ്റെ നീക്കങ്ങൾ ; നിരവധി  പ്രാദേശിക നേതാക്കൾ രാജിക്കത്ത് നൽകി

> **Lead Summary:** തലശ്ശേരി:തലശ്ശേരി കോൺഗ്രസിൽ കലാപമൊടുങ്ങുന്നില്ല. ഔദ്യോഗിക വിഭാഗവുമായി കഴിഞ്ഞ കുറെക്കാലമായി ഇടഞ്ഞു നിൽക്കുന്ന തലശ്ശേരിയിലെ വിമത പക്ഷം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ സമാന്തര പ്രവർത്തനം കൂടുതൽ ശക്തി പ്പെടുത്തുന്നതാണ് ഔദ്യോഗിക വിഭാഗത്തിന് തലവേദന സൃഷ്ടിക്കുന്നത്. വിമതരെ അനുകൂലിക്കുന്ന പ്രാദേശിക നേതാക്കൾ തങ്ങൾ വഹിച്ചി രുന്ന പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചതായും,

## Article Content

തലശ്ശേരി:തലശ്ശേരി കോൺഗ്രസിൽ കലാപമൊടുങ്ങുന്നില്ല. ഔദ്യോഗിക വിഭാഗവുമായി കഴിഞ്ഞ കുറെക്കാലമായി ഇടഞ്ഞു നിൽക്കുന്ന തലശ്ശേരിയിലെ വിമത പക്ഷം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ സമാന്തര പ്രവർത്തനം കൂടുതൽ ശക്തി പ്പെടുത്തുന്നതാണ് ഔദ്യോഗിക വിഭാഗത്തിന് തലവേദന സൃഷ്ടിക്കുന്നത്. വിമതരെ അനുകൂലിക്കുന്ന പ്രാദേശിക നേതാക്കൾ തങ്ങൾ വഹിച്ചി രുന്ന പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചതായും,

രാജിക്കത്ത് ഇതിനകം കെ.പി.സി.സിക്കും, ഡി.സി.സി ക്കും കൈമാറിക്കഴിഞ്ഞതായും വിവരമുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഞ്ഞോടിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയ ഡി.സി.സി. ജനറൽ സിക്രട്ടറി സി.ടി. സജിത്തിനെയും, ഡി.സി.സി. അംഗവും നഗരസഭാ മുൻ കൗൺസിലറുമായ മറ്റൊരാളെയും അനുകൂലിക്കുന്നവരാണ് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ രംഗത്തിറങ്ങിയത് . തലശ്ശേരി കോൺഗ്രസിനെ നയിക്കുന്ന മൂവർ സംഘം അവർക്ക് വിശ്വസ്തരായവരെ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയോഗിക്കുന്നതിലുള്ള അതൃപ്തിയും പൊടുന്നനെയുള്ള രാജിക്ക് പിന്നിലുണ്ട്.

ഇതു സംബന്ധിച്ച സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് കോടിയേരി മേഖലയിലെ പ്രമുഖർ പലരും പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. തലശ്ശേരി കോൺഗ്രസിലെ ജനകീയ നേതാവായ ഇ.ജി. ശാന്ത ഇപ്പോൾ തീർത്തും നിർജ്ജീവമാണ്. ഡി.സി.സി. മുൻ സിക്രട്ടറി വി.രാധാകൃഷ്‌ണൻ മാസ്റ്റരും സജീവമല്ലെന്ന വാദവുമുണ്ട്. ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമതർ ഒപ്പുശേഖരണം തുടങ്ങിയതായും വിവരമുണ്ട്.

ഇതിനിടെ ഡി.സി.സി. അംഗം എന്നവകാശപ്പെടുന്ന തലശേരിയിലെ വിമത നേതാവ് സംഘടിപ്പിക്കുന്ന കോൺഗ്രസ് ലേബൽ പരിപാടികളിൽ ഏറെ ജനപങ്കാളിത്തം കാണുന്നത് ഔദ്യോഗികക്കാർക്ക് മറ്റൊരു അപകട സൂചനയായിട്ടുണ്ട്. വിമത നേതാവിൻ്റെ പരിപാടികളിൽ കോൺഗ്രസിൻ്റെ സംസ്ഥാനത്തെ പ്രധാന നേതാക്കൾ പങ്കെടുക്കുന്നുമുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324872/the-rebel-factions-moves-have-become-a-headache-for-the-congress-in-thalassery-several-local-leaders-have-submitted-their-resignations)