---
title: "തലശേരി തീരദേശ ദേശീയ പാത നിർമ്മാണം ; സർവ്വേ തടഞ്ഞ 8 പേർ അറസ്റ്റിൽ, പ്രതിഷേധത്തിനിടയിലും സർവ്വേ പൂർത്തിയാക്കി ഉദ്യോഗസ്ഥർ"
english_title: "Construction of Thalassery Coastal National Highway; 8 people arrested for obstructing survey, officials complete survey despite protests"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/332701/construction-of-thalassery-coastal-national-highway-8-people-arrested-for-obstructing-survey-officials-complete-survey-despite-protests"
published_at: "2025-12-23T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694aa302ad5d6_Untitled-1_copy.jpg"
keywords: []
---

# തലശേരി തീരദേശ ദേശീയ പാത നിർമ്മാണം ; സർവ്വേ തടഞ്ഞ 8 പേർ അറസ്റ്റിൽ, പ്രതിഷേധത്തിനിടയിലും സർവ്വേ പൂർത്തിയാക്കി ഉദ്യോഗസ്ഥർ

> **Lead Summary:** തലശേരി തീരദേശ ദേശീയപാത നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥലമളയ്ക്കാനെത്തിയ ഉദ്യോഗസ്ഥരെ പട്ടണ തൊഴില്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇന്ന് രാവിലെയാണ് മെയിന്‍ റോഡ്

## Article Content

തലശേരി തീരദേശ ദേശീയപാത നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥലമളയ്ക്കാനെത്തിയ ഉദ്യോഗസ്ഥരെ പട്ടണ തൊഴില്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇന്ന് രാവിലെയാണ് മെയിന്‍ റോഡ്

മട്ടാമ്പ്രം പരിസരം പ്രതിഷേധക്കളമായി മാറിയത്. ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധിക്കാര്‍ മുദ്രാവാക്യം വിളിച്ച് തടഞ്ഞതോടെയാണ്

സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവരെ തലശേരി പൊലിസ് അറസ്റ്റു ചെയ്തു നീക്കി. സംരക്ഷണ സിമിതിയുടെ ജനറല്‍ കണ്‍വിനര്‍ കെ. പ്രസാദ്, എക്‌സിക്യൂട്ടിവ് മെംബര്‍ പി.കെ നാസര്‍, അംഗങ്ങളായ അനൂപ്കുമാര്‍, കെ.പി സജീര്‍, കെ.കെ അഷ്‌റഫ്, കെ. ഷാനവാസ്, പി. നസീര്‍, യു. അസ്‌നീദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംരക്ഷണ സമിതി തലശേരി സബ്കലക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സബ്കലക്ടര്‍ ഓഫിസിനു മുന്നില്‍ വച്ച് പൊലിസ് തടഞ്ഞു. ഇതിനിടയില്‍ പൊലിസ് സുരക്ഷയില്‍ ഉദ്യോഗസ്ഥര്‍ ഭൂമി അളക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. ഗതാഗതം സ്തംഭിച്ചതോടെ തലശേരിയില്‍ നിന്നു ഇതുവഴിയുള്ള വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. വ്യാപാരികള്‍ കടകളടച്ചും തൊഴിലാളികള്‍ ജോലി നിര്‍ത്തിയും പ്രതിഷേധിച്ചു.

രാവിലെയാണ് അളവെടുപ്പിനായി ഉദ്യോഗസ്ഥരെത്തിയത്. സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട അധികൃതര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

നൂറുക്കണക്കിന് പ്രതിഷേധക്കാരാണ് സംഭവ സ്ഥലത്ത് സംഘടിച്ചെത്തിയത്. പിന്നീട് പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് മാറി.

വന്‍ പൊലിസ് സന്നാഹമാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്.

പൊലിസും സമരക്കാരും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടായിരുന്നു.

പദ്ധതി നടപ്പിലാക്കുമ്പോള്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

ദേശീയപാതയില്‍ സൈദാര്‍പള്ളി മുതല്‍ പഴയബസ്സ്റ്റാന്‍ഡ് ട്രാഫിക് പൊലിസ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളിലെ വര്‍ഷങ്ങളായി വ്യാപാരം ചെയ്തു വരുന്ന കടകളാണ് തീരദേശപാതയ്ക്ക് വേണ്ടി

ഏറ്റെടുക്കുന്നത്. ഒട്ടേറെ വ്യാപാരികള്‍ക്കും കുടുംബത്തിനും ചുമട്ടുതൊഴിലാളികള്‍ക്കും തൊഴിലില്ലാതാവുന്ന അവസ്ഥ വരുമെന്നും അലയന്‍മെന്റ് മാറ്റുകയോ ബദല്‍ സംവിധാനമൊരുക്കുകയോ വേണമെന്നാണ് ആവശ്യം .മുഖ്യമന്ത്രി, എം.പി, സ്പീക്കര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/332701/construction-of-thalassery-coastal-national-highway-8-people-arrested-for-obstructing-survey-officials-complete-survey-despite-protests)