---
title: "പിണറായി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം;  മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു"
english_title: "Pinarayi Police Station gets new building; CM dedicates it to the nation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/342768/pinarayi-police-station-gets-new-building-cm-dedicates-it-to-the-nation"
published_at: "2026-02-18T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995fa4419e80_Untitled-7_copy.jpg"
keywords: []
---

# പിണറായി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം;  മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

> **Lead Summary:** പിണറായി പോലീസ് സ്റ്റേഷനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. പിണറായി കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

പിണറായി പോലീസ് സ്റ്റേഷനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. പിണറായി കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

ബഹു. സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡ ആസാദ് ചന്ദ്ര ശേഖർ ഐ.പി.എസ് ചടങ്ങിന് സ്വാഗത പ്രസംഗം നടത്തി. ശ്രീ. പി. എം. പ്രഭാകരൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, തലശ്ശേരി), ശ്രീമതി. പി ഷെർളി (ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, പിണറായി), ശ്രീ. ലോഹിതാക്ഷൻ. സി. പി (5ാം വാർഡ് മെമ്പർ, പിണറായി ഗ്രാമ പഞ്ചായത്ത്), ബഹു. എ.ഡി.ജി.പി (ക്രമസമാധാനം) ശ്രീ. എച്ച്. വെങ്കടേഷ് ഐ.പി.എസ്, ബഹു. നോർത്ത് സോൺ ഐ.ജി.പി ശ്രീ. രാജ് പാൽ മീണ ഐ.പി.എസ്, ബഹു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി ശ്രീ. യതീഷ് ചന്ദ്ര. ജി. എച്ച് ഐ.പി.എസ്, ബഹു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ്. പി ഐ.പി.എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കണ്ണൂർ ജില്ലയിൽ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനായി ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, കതിരൂർ പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് 2018 ജൂൺ 30 നാണ് ശ്രീ. പിണറായി വിജയൻ (ബഹു. സംസ്ഥാന മുഖ്യമന്ത്രി) പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. തലശ്ശേരി സബ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2021 ജനുവരിയിൽ കണ്ണൂർ പോലീസ് ജില്ലയെ 'കണ്ണൂർ സിറ്റി', 'കണ്ണൂർ റൂറൽ' എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ഇതിൽ പിണറായി പോലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി പോലീസിന്റെ പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും പിണറായി ഗ്രാമപഞ്ചായത്തും വേങ്ങാട് പഞ്ചായത്തുമാണ് ഈ സ്റ്റേഷന്റെ പരിധിയിൽ വരുന്നത്. ആദ്യഘട്ടത്തിൽ പിണറായിയിലെ പരിമിതമായ സൗകര്യങ്ങളുള്ള വാടക കെട്ടിടത്തിലായിരുന്നു സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി പിണറായി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. 2025 ജൂൺ 29 ന് ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സ്റ്റേഷന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് ആണ്. പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആണ് കോൺട്രാക്റ്റ് എറ്റെടുത്തിട്ടുള്ളത്.

പിണറായി കൺവെൻഷൻ സെന്ററിന്റെ പുറകിലായി 803 സ്ക്വയർ മീറ്ററിൽ മൂന്നു നിലകളിലാണ് പിണറായി പോലീസ് സ്റ്റേഷൻ നിർമ്മാണം പൂർത്തീകരിച്ചത്. വനിത ഹെൽപ്പ് ഡെസ്കിനായി പ്രത്യേക റൂം, മറ്റ് പോലീസ് സ്റ്റേഷനുകളെ അപേക്ഷിച്ച് വിറ്റ്‌നസ് എക്സാമിനേഷൻ റൂം, വിറ്റ്‌നസ് മോണിറ്ററിംഗ് റൂം, സ്യൂട്ട് റൂം എന്നിവകൂടി പിണറായി പോലീസ് സ്റ്റേഷന്റെ പ്രത്യേകതയാണ്. ഓഫീസ് റൂമുകൾ, 2 ലോക്കപ്പ് റൂമുകൾ (സ്ത്രീക്കും പുരുഷനും), വിസിറ്റേഴ്സ് ഏരിയ, പോലീസുകാർക്കുള്ള വിശ്രമമുറികൾ എന്നിവ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/342768/pinarayi-police-station-gets-new-building-cm-dedicates-it-to-the-nation)