---
title: "തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ   ഡിവൈഡറിലേക്ക് ഇടിച്ചു കയറി ;  സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി"
english_title: "The car carrying the bride's family crashed into the divider at the Thalassery Manavatty junction; lack of safety measures discussed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/352858/the-car-carrying-the-brides-family-crashed-into-the-divider-at-the-thalassery-manavatty-junction-lack-of-safety-measures-discussed"
published_at: "2026-04-11T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da103ddeff5_Untitled-4_copy.jpg"
keywords: []
---

# തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ   ഡിവൈഡറിലേക്ക് ഇടിച്ചു കയറി ;  സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

> **Lead Summary:** തലശേരി: തലശേരി നഗരത്തിലെ തിരക്കേറിയ മണവാട്ടി ജംഗ്ഷനിൽ 4G മൊബൈൽ സ്റ്റോറിന് മുൻവശത്തായി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. 26 BH 7349 E നമ്പർ മഹീന്ദ്ര XUV കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

തലശേരി: തലശേരി നഗരത്തിലെ തിരക്കേറിയ മണവാട്ടി ജംഗ്ഷനിൽ 4G മൊബൈൽ സ്റ്റോറിന് മുൻവശത്തായി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. 26 BH 7349 E നമ്പർ മഹീന്ദ്ര XUV കാറാണ് അപകടത്തിൽപ്പെട്ടത്.

ടൗൺഹാളിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വധുവിന്റെ സഹോദരനും കുടുംബവും സഞ്ചരിച്ചിരുന്ന കാറായിരുന്നു ഇത്. വധു മറ്റൊരു വാഹനത്തിലായിരുന്നു. അപകടത്തിൽപ്പെട്ടവർക്കു കാര്യമായ പരിക്കുകളൊന്നുമില്ല.

ഡിവൈഡർ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. കോഴിക്കോട് ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അടക്കം വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന ആരോപണം ശക്തമാണ്.

കോൺക്രീറ്റ് റോഡിന്റെ നിർമാണം പൂര്‍ത്തിയായിട്ടില്ലെന്നും, ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുമെന്നു അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ ആരോപിക്കുന്നു. ദിവസേന വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചുകയറുന്ന സംഭവങ്ങൾ പതിവാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതസ്തംഭനവുമുണ്ടായി. തലശേരി എസ്ഐ എസ്.ആർ സൂരജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. തലശേരിയിൽ നിന്നും കെയിൻ എത്തിച്ചാണ് വാഹനം നീക്കിയത്.

അപകട സാധ്യതകൾ വർധിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/352858/the-car-carrying-the-brides-family-crashed-into-the-divider-at-the-thalassery-manavatty-junction-lack-of-safety-measures-discussed)