---
title: "അർധരാത്രി തലശ്ശേരി ജനറൽ ആശുപത്രി കോംപൗണ്ടിൽ കാട്ടുപന്നി ; രോഗികളും ജീവനക്കാരും ഭയന്നു."
english_title: "Wild boar in Thalassery General Hospital compound at midnight; patients and staff scared."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/359072/wild-boar-in-thalassery-general-hospital-compound-at-midnight-patients-and-staff-scared"
published_at: "2026-05-13T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a040bc84b399_Untitled-3_copy.jpg"
keywords: []
---

# അർധരാത്രി തലശ്ശേരി ജനറൽ ആശുപത്രി കോംപൗണ്ടിൽ കാട്ടുപന്നി ; രോഗികളും ജീവനക്കാരും ഭയന്നു.

> **Lead Summary:** തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രി കോംപൗണ്ടിനകത്ത് കാട്ടുപന്നി കയറിയത് പ്രദേശത്ത് ആശങ്ക പരത്തി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

## Article Content

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രി കോംപൗണ്ടിനകത്ത് കാട്ടുപന്നി കയറിയത് പ്രദേശത്ത് ആശങ്ക പരത്തി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ആശുപത്രി പരിസരത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമാണ് ആദ്യം കാട്ടുപന്നിയെ കണ്ടത്.

ആശുപത്രി വളപ്പിലൂടെ അലയുന്ന നിലയിൽ കണ്ട പന്നി ആളുകളെ കണ്ടതോടെ പരിഭ്രാന്തിയിൽ ഓടി. തുടർന്ന് ആശുപത്രിക്ക് സമീപമുള്ള ഓടം ഭാഗത്തേക്കു പാഞ്ഞ പന്നി ഓടത്തിൽ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

രാത്രിസമയമായതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ഏറെ ആശങ്കയിലാണ് കഴിഞ്ഞത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ജാഗ്രത പാലിച്ചു.

ജനവാസ മേഖലകളിലേക്കും നഗരപ്രദേശങ്ങളിലേക്കും കാട്ടുപന്നികളുടെ സാന്നിധ്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ ആശുപത്രിപോലുള്ള പൊതുസ്ഥലങ്ങളിലേക്കും ഇവ എത്തുന്നത് വലിയ ആശങ്കയാണെന്ന് നാട്ടുകാർ പറഞ്ഞു. ആശുപത്രി പരിസരത്ത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതും സമീപ പ്രദേശങ്ങളിലെ കുറ്റിക്കാടുകളും വന്യമൃഗങ്ങളെ ആകർഷിക്കുന്ന സാഹചര്യമുണ്ടാക്കുന്നതായും ആരോപണമുണ്ട്.

വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതർക്കും വനപാലകർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് വീണ്ടും കാട്ടുപന്നി എത്താനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി സമയങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/359072/wild-boar-in-thalassery-general-hospital-compound-at-midnight-patients-and-staff-scared)