---
title: "സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ"
english_title: "Milma milk price hike in the state effective immediately"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/359782/milma-milk-price-hike-in-the-state-effective-immediately"
published_at: "2026-05-16T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0820ead5a63_Untitled-3_copy.jpg"
keywords: []
---

# സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ

> **Lead Summary:** സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും.

## Article Content

സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും.

ഏറെ നാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് മിൽമ പാൽ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും തടസ്സപ്പെട്ടു. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറിൽ ഒപ്പിട്ടത്.

ഭൂരിപക്ഷം അംഗങ്ങളും ഇതിൽ നിന്ന് വിട്ടുനിൽക്കുകയും കൃത്യമായി ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്ത് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വില വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത.

പുതുക്കിയ വർധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.

അവശേഷിക്കുന്ന 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയകൾക്കായി വിനിയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് മിൽമ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠന സമിതി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ വർധനവ്.

പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ ലിറ്ററിന് ശരാശരി വില 56 രൂപയായി ഉയരും. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിച്ചേക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/359782/milma-milk-price-hike-in-the-state-effective-immediately)