---
title: "എസ്എസ് എൽസിയിൽ ഫുൾ എ പ്ലസ് ; ഒപ്പം അറബിയിലും തിളങ്ങി നിട്ടൂരെ വരേണ്യ"
english_title: "Full A plus in SSLC; also shines in Arabic, Nittoor Varenya"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360567/full-a-plus-in-sslc-also-shines-in-arabic-nittoor-varenya"
published_at: "2026-05-20T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d68b420677_Untitled-1_copy.jpg"
keywords: []
---

# എസ്എസ് എൽസിയിൽ ഫുൾ എ പ്ലസ് ; ഒപ്പം അറബിയിലും തിളങ്ങി നിട്ടൂരെ വരേണ്യ

> **Lead Summary:** തലശ്ശേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ശ്രദ്ധേയ വിജയം കരസ്ഥമാക്കിയിരിക്കുകയാണ് തലശ്ശേരി ഗവൺമെന്റ് ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ പി. വരേണ്യ. പഠന മികവിനൊപ്പം ഏറെ ഇഷ്ടപ്പെട്ട അറബി ഭാഷയിലും ഉന്നത വിജയം നേടിയതാണ് ഈ മിടുക്കിയെ കൂടുതൽ ശ്രദ്ധേയയാക്കുന്നത്.

## Article Content

തലശ്ശേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ശ്രദ്ധേയ വിജയം കരസ്ഥമാക്കിയിരിക്കുകയാണ് തലശ്ശേരി ഗവൺമെന്റ് ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ പി. വരേണ്യ. പഠന മികവിനൊപ്പം ഏറെ ഇഷ്ടപ്പെട്ട അറബി ഭാഷയിലും ഉന്നത വിജയം നേടിയതാണ് ഈ മിടുക്കിയെ കൂടുതൽ ശ്രദ്ധേയയാക്കുന്നത്.

കുട്ടിക്കാലം മുതൽ തന്നെ ഭാഷാപഠനത്തിൽ പ്രത്യേക താല്പര്യം പുലർത്തിയിരുന്ന വരേണ്യ, ജി.എൽ.പി സ്കൂൾ പഠനകാലം മുതലേ അറബി ഭാഷയെ ഏറെ സ്നേഹത്തോടെ സമീപിച്ചിരുന്നു. ഭാഷയുടെ സൗന്ദര്യവും സാഹിത്യഭാവവും ആകർഷിച്ചതോടെയാണ് അറബിയോട് കൂടുതൽ അടുപ്പം വളർന്നതെന്ന് അധ്യാപകരും പറയുന്നു. പഠനത്തിനൊപ്പം കലാപരമായ കഴിവുകളിലും മുന്നിട്ടു നിന്ന വരേണ്യ സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും നടന്ന അറബിക് കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ സ്കൂൾ കലാമേളയിൽ അവതരിപ്പിച്ച മംഗലംകളിയിലൂടെ ജില്ലാതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി വരേണ്യ കലാരംഗത്തും തന്റെ കഴിവ് തെളിയിച്ചു. പഠനവും കലാപ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണ കൊണ്ടാണെന്ന് വരേണ്യ പറയുന്നു.

തലശ്ശേരി നിട്ടൂർ സ്വദേശികളായ സതീശൻ - സീമ ദമ്പതികളുടെ മകളായ വരേണ്യയുടെ വിജയത്തിൽ നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. സ്കൂളിന്റെ അഭിമാന നേട്ടമായി മാറിയ ഈ വിജയത്തിന് പിന്നാലെ അധ്യാപകരും സഹപാഠികളും അഭിനന്ദനങ്ങളുമായി എത്തി.

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ ഫുൾ എ പ്ലസ് ജേതാക്കളുടെയും വീടുകളിൽ പ്രധാനധ്യാപിക നിഷ കുറങ്ങോട്ടു കുന്നുമ്മൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയും സ്കൂളിന്റെ കൂട്ടായ പ്രവർത്തനവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360567/full-a-plus-in-sslc-also-shines-in-arabic-nittoor-varenya)