---
title: "തലശേരി മണവാട്ടി  ജംഗ്ഷനിൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരവുമായി തലശേരി നഗരസഭ ; ഓവുചാലുകൾ വൃത്തിയാക്കി"
english_title: "Thalassery Municipality solves waterlogging problem at Thalassery Manavatty Junction during rains; drains cleaned"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360892/thalassery-municipality-solves-waterlogging-problem-at-thalassery-manavatty-junction-during-rains-drains-cleaned"
published_at: "2026-05-21T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f22df37b6e_Untitled-5_copy.jpg"
keywords: []
---

# തലശേരി മണവാട്ടി  ജംഗ്ഷനിൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരവുമായി തലശേരി നഗരസഭ ; ഓവുചാലുകൾ വൃത്തിയാക്കി

> **Lead Summary:** തലശേരി: നഗരസഭാ കൗൺസിലർ നൂറാ നാസർ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ ഓവുചാലുകൾ വൃത്തിയാക്കി. ശുചീകരണ പ്രവൃത്തി നടത്തിയെങ്കിലും ഓവുചാലിലെ വെള്ളം ഒഴുകി പോകാത്തതിനാൽ വ്യാപാരികൾ ആശങ്കയിലാണ്.

## Article Content

തലശേരി: നഗരസഭാ കൗൺസിലർ നൂറാ നാസർ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ ഓവുചാലുകൾ വൃത്തിയാക്കി. ശുചീകരണ പ്രവൃത്തി നടത്തിയെങ്കിലും ഓവുചാലിലെ വെള്ളം ഒഴുകി പോകാത്തതിനാൽ വ്യാപാരികൾ ആശങ്കയിലാണ്.

ഇക്കഴിഞ്ഞ 14ന് രാത്രി പെയ്ത ശക്തമായ മഴയിലാണ് തലശേരി മണവാട്ടി ജംഗ്ഷനിലെ പത്തോളം കടകളിൽ വെള്ളം ഇരച്ചെത്തിയത്. കടകൾക്കുള്ളിൽ വെള്ളം ഇരച്ചെത്തിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാരികൾ നേരിട്ടിരുന്നു. തലശേരി നഗരസഭ മഴക്കാല പൂർവ ശുചീകരണം നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ ആരോപിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കൗൺസിലർ നൂറാ നാസർ മുൻകൈയെടുത്ത് ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് മണവാട്ടി ജംഗ്ഷനിലെ ഓവുചാലുകൾ വൃത്തിയാക്കിയത്.

ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിലും നേതൃത്വം നൽകി. സ്ലാബുകൾ നീക്കം ചെയ്ത് ഓവുചാൽ വൃത്തിയാക്കിയെങ്കിലും മണവാട്ടി ജംഗ്ഷനിൽ റോഡുയർത്തിയതിലെ അശാസ്ത്രീയത കാരണം വെള്ളം ഒഴുകി പോകാനാകുന്ന അവസ്ഥയിലായിട്ടില്ല. ഒരു തകരാറുമില്ലാതിരുന്ന മണവാട്ടി ജംഗ്ഷനിൽ റോഡ് നവീകരിക്കുന്നതിന് പകരം നഗരത്തിലെ സ്ലാബുകൾ പുതുക്കിപണിയുകയും, ഓവുചാലുകൾ നവീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ തലശേരിയിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ ശമനമാകുമായിരുന്നു എന്നാണ് വ്യാപാരികളുടെ പക്ഷം. ഇപ്പോൾ എന്നു തീരുമെന്നുറപ്പില്ലാത്ത മണവാട്ടി - നാരങ്ങാപ്പുറം ജംഗ്ഷനുകളിലെ റോഡ് പണികൊണ്ട് അക്ഷരാർത്ഥത്തിൽ വ്യാപാരികൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിന് പുറമെയാണിപ്പോൾ കടകളിൽ വെള്ളം കയറുന്ന പ്രശ്നവും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360892/thalassery-municipality-solves-waterlogging-problem-at-thalassery-manavatty-junction-during-rains-drains-cleaned)