---
title: "തലശേരി  നഗര മധ്യത്തിലെ ഫ്ലാറ്റിൽ കൂറ്റൻ പെരുമ്പാമ്പ്"
english_title: "Huge python found in flat in Thalassery city centre"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/361044/huge-python-found-in-flat-in-thalassery-city-centre"
published_at: "2026-05-22T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a102657401d7_Untitled-6_copy.jpg"
keywords: []
---

# തലശേരി  നഗര മധ്യത്തിലെ ഫ്ലാറ്റിൽ കൂറ്റൻ പെരുമ്പാമ്പ്

> **Lead Summary:** തലശേരി: തലശ്ശേരി കോണോർ വയൽ കെ.എസ്.ആർ.ടി.സി. ഗാരേജിന് സമീപത്തെ സീബ്രീസ് അപാർട്ട്മെന്റിലെ സെക്യൂരിറ്റി മുറിയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക പരത്തി. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ആവാസ വ്യവസ്ഥയിൽ തുറന്നു വിട്ടു.സാമാന്യം വലിപ്പമുള്ള പെരുമ്പാമ്പിനെ സെക്യൂരിറ്റി ജീവനക്കാർക്കായുള്ള മുറിക്കുള്ളിൽ കണ്ടതോടെയാണ് നാട്ടുകാർ ഭീതിയിലായത്.

## Article Content

തലശേരി: തലശ്ശേരി കോണോർ വയൽ കെ.എസ്.ആർ.ടി.സി. ഗാരേജിന് സമീപത്തെ സീബ്രീസ് അപാർട്ട്മെന്റിലെ സെക്യൂരിറ്റി മുറിയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക പരത്തി. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ആവാസ വ്യവസ്ഥയിൽ തുറന്നു വിട്ടു.സാമാന്യം വലിപ്പമുള്ള പെരുമ്പാമ്പിനെ സെക്യൂരിറ്റി ജീവനക്കാർക്കായുള്ള മുറിക്കുള്ളിൽ കണ്ടതോടെയാണ് നാട്ടുകാർ ഭീതിയിലായത്.

പുറത്ത് പോയി തിരികെ എത്തിയ നേപ്പാൾ സ്വദേശി ഗോപി മുറിയിലേക്ക് പ്രവേശിക്കുമ്പോഴാണ് ചുമരിനോട് ചേർന്ന് ഇരിപ്പിടത്തിനരികിലൂടെ ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ അപാർട്ട്മെന്റിലെ ആളുകൾ സ്ഥലത്ത് കൂടി എത്തിയെങ്കിലും പാമ്പ് മുറിക്കുള്ളിൽ തന്നെ തുടരുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് സർപ്പ വളണ്ടിയർ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിന്നീട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയ പാമ്പിനെ വനമേഖലയിലേക്ക് വിട്ടതായി അറിയിച്ചു.

സംഭവത്തെ തുടർന്ന് അപാർട്ട്മെന്റിലെ താമസക്കാരും സമീപവാസികളും ആശങ്ക പ്രകടിപ്പിച്ചു. കോണോർ വയൽ പ്രദേശങ്ങളിൽ നേരത്തെയും പാമ്പ് ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എരഞ്ഞോളി പുഴയുടെ സാമീപ്യവും സമീപത്തുള്ള തോടുകളും കുറ്റിക്കാടുകളും പാമ്പുകൾക്ക് അനുയോജ്യമായ ആവാസ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.

പ്രത്യേകിച്ച് കെ.എസ്.ആർ.ടി.സി. ഗാരേജിന്റെ പരിസരങ്ങളിൽ കുറ്റിക്കാടുകൾ വ്യാപകമായി വളർന്നിട്ടുള്ളതും പാമ്പുകളുടെ സാന്നിധ്യം വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലം ശക്തമാകുന്നതോടെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും പരിസര പ്രദേശങ്ങൾ ശുചീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/361044/huge-python-found-in-flat-in-thalassery-city-centre)