---
title: "പി. വിഷ്ണുരാജ് കണ്ണൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു"
english_title: "P. Vishnuraj takes charge as Kannur District Collector"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/361724/p-vishnuraj-takes-charge-as-kannur-district-collector"
published_at: "2026-05-25T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14448857430_Untitled-5_copy.jpg"
keywords: []
---

# പി. വിഷ്ണുരാജ് കണ്ണൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു

> **Lead Summary:** കണ്ണൂർ ജില്ലാ കലക്ടറായി പി. വിഷ്ണുരാജ് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ, സ്ഥാനമൊഴിഞ്ഞ കലക്ടർ അരുൺ കെ വിജയനിൽനിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു.

## Article Content

കണ്ണൂർ ജില്ലാ കലക്ടറായി പി. വിഷ്ണുരാജ് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ, സ്ഥാനമൊഴിഞ്ഞ കലക്ടർ അരുൺ കെ വിജയനിൽനിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു.

കണ്ണൂരിനെ പോലെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികപരവുമായി ഔന്നത്യമുള്ള ഒരു ജില്ലയിലെ കലക്ടറായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കലക്ടർ പി. വിഷ്ണുരാജ് പറഞ്ഞു. ആദ്യഘട്ടത്തിൽ ജില്ലയെക്കുറിച്ച് കൂടുതൽ പഠിച്ചറിയാനും നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിന്റെ ഭാഗമാവാനുമുള്ള ശ്രമമായിരിക്കും നടത്തുക. സാധാരണക്കാരായ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയും ഒപ്പം എല്ലാ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്നും പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇതിന് എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2019 ബാച്ച് ഐഎഎസ് ഓഫീസറായ പി. വിഷ്ണുരാജ് തൃശ്ശൂർ എറവ് സ്വദേശിയാണ്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറായും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിക്കുകയായിരുന്നു.

മലപ്പുറം അസിസ്റ്റൻറ് കലക്ടർ, എറണാകുളം സബ് കലക്ടർ, സ്‌പോർട്‌സ്-യുവജനകാര്യം ഡയറക്ടർ, കേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ സിഇഒ-എംഡി, പ്ലാന്റേഷൻസ് സ്‌പെഷൽ ഓഫീസർ, കേര പ്രൊജക്ട് അസി. പ്രൊജക്ട് ഡയറക്ടർ, പിഡബ്ല്യുഡി ഡെപ്യൂട്ടി സെക്രട്ടറി, പിഐഇഎംഡി ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു.

കോഴിക്കോട് എൻഐടിയിൽനിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം നേടി. ഐഎഎസ് നേടുന്നതിന് മുമ്പ് 2018ൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായിരുന്നു.

കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റൻറ് കലക്ടർ എസ് സ്വാതി, എഡിഎം കലാ ഭാസ്‌കർ, ജില്ലാ തല ഉദ്യോഗസ്ഥർ, കലക്ടറുടെ മാതാവ് ടി.കെ കമല തുടങ്ങിയവർ പങ്കെടുത്തത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/361724/p-vishnuraj-takes-charge-as-kannur-district-collector)