---
title: "വർഗീയതയെ അത്യന്തം ഭയക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ.റഹീം ; ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശേരിയിൽ പ്രൗഡോജ്വല തുടക്കം."
english_title: "DYFI All India President A.A. Rahim says we should be extremely afraid of communalism; DYFI Kannur district conference begins with a bang in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369574/dyfi-all-india-president-aa-rahim-says-we-should-be-extremely-afraid-of-communalism-dyfi-kannur-district-conference-begins-with-a-bang-in-thalassery"
published_at: "2026-06-30T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43e4f2e210e_Untitled-3_copy.jpg"
keywords: ["DYFI All India President A.A. Rahim", "DYFI Kannur district conference", "Dyfi", "Thalassery."]
---

# വർഗീയതയെ അത്യന്തം ഭയക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ.റഹീം ; ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശേരിയിൽ പ്രൗഡോജ്വല തുടക്കം.

> **Lead Summary:** തലശേരി: ഒരു മനുഷ്യൻ അടിസ്ഥാനപരമായി തന്നെ സാമൂഹ്യ ബന്ധത്തിലധിഷ്ഠിതമായ ജീവിതം ആണ് നയിക്കുന്നത്.സാമൂഹ്യബന്ധത്തിൻ്റെ ആകെ തുകയാണ് മനുഷ്യൻ എന്ന് മാർക്സ് പ്രസ്താവിച്ചിട്ടുണ്ട്.

## Article Content

തലശേരി: ഒരു മനുഷ്യൻ അടിസ്ഥാനപരമായി തന്നെ സാമൂഹ്യ ബന്ധത്തിലധിഷ്ഠിതമായ ജീവിതം ആണ് നയിക്കുന്നത്.സാമൂഹ്യബന്ധത്തിൻ്റെ ആകെ തുകയാണ് മനുഷ്യൻ എന്ന് മാർക്സ് പ്രസ്താവിച്ചിട്ടുണ്ട്.

ഒരു അനുഭവത്തിൻ്റെ അപ്പുറത്തേക്ക് എന്തിനേയും എത്തിക്കാൻ ഭാഷാ പ്രയോഗം വഴി സാധിക്കുന്നു.ആധുനിക മുതലാളിത്തം സാമൂഹ്യ പരതയെ അംഗീകരിക്കാതെ വ്യക്തികളായി ചുരുക്കുന്നു.സമത്വം, സ്വാതന്ത്ര്യം,സാഹോദര്യം എന്നതിന് പകരം സ്വത്തുടമസ്ഥതക്കുള്ള സ്വാതന്ത്ര്യം ആയി മുതലാളിത്തം അതിൻ്റെ ആശയത്തെ മാറ്റി.തന്നിൽ നിന്ന് താനല്ലാത്തതിലേക്ക് വികസിപ്പിച്ച സവിശേഷമായ പ്രക്രിയയാണ് നവോത്ഥാനവും ആധുനികവൽക്കരണവും.

കേരളത്തിൽ സമ്പത്ത് പുനക്രമീകരണം സാധ്യമായത് കാരണം സാമൂഹ്യ വൽക്കരണം വിവിധ മേഖലകളിൽ അനുഭവിക്കാനായി.നാം ഇന്നലെകളിൽ പുലർത്തിപോന്ന സാമൂഹ്യ പരത ഈ കാലഘട്ടത്തിൽ ദുർബലപ്പെട്ട് വരുന്നു.ആധുനിക മൂല്യങ്ങൾ പാരമ്പര്യത്തിൻ്റെ ഭാഷയിൽ പ്രചരിപ്പിച്ചു എന്നതാണ് ഗാന്ധിജിയുടെയും ഗുരുവിൻ്റെയും പാരമ്പര്യം.

മതത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിദ്വോഷത്തിലും തളച്ചിടുകയാണ് വർത്തമാന കാലത്തെ മത പൗരോഹിത്യം ചെയ്യുന്നത്.വിമർശനങ്ങളെ ഉൾക്കൊള്ളുകയും കൂടെ കൂട്ടുകയും ചെയ്ത പാരമ്പര്യത്തെ തിരസ്കരിച്ച് ഓരോരുത്തരുടെയും ചിന്തകളെ മാത്രം ശ്രേഷ്ഠമായി കരുതുകയും മറ്റുള്ളവരുമായി അപര ബോധം കൊണ്ട് അകലുകയും ചെയ്യുന്നുണ്ട് പുതിയ കാലമെന്നും റഹീം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ സി കെ രമേശൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ രക്തസാക്ഷി പ്രമേയവും മുഹമ്മദ്‌ സിറാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മുഹമ്മദ്‌ അഫ്സൽ രാവിലെ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്കു തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.

സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ള എം ഷാജർ, എം വിജിൻ എം എൽ എ, സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വള്ളാട്ട്, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ, മുൻ ജില്ലാ പ്രസിഡന്റ് പി ശശി, മുൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ള എം ഷാജർ, എം വിജിൻ, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ എൻ ഷംസീർ, മുൻ ജില്ലാ പ്രസിഡന്റ് പി ശശി, മുൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ഷിമ, കെ അനുശ്രീ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369574/dyfi-all-india-president-aa-rahim-says-we-should-be-extremely-afraid-of-communalism-dyfi-kannur-district-conference-begins-with-a-bang-in-thalassery)