---
title: "പ്രിയദര്‍ശിനി'  കാരണം കടുത്ത പ്രതിസന്ധി; കാസർഗോഡ് ജില്ലയിൽ  സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി."
english_title: "Severe crisis due to 'Priyadarshini'; Private bus strike begins in Kasaragod district."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/370707/severe-crisis-due-to-priyadarshini-private-bus-strike-begins-in-kasaragod-district"
published_at: "2026-07-06T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312093a7121_bus.jpg"
keywords: ["Kasargode", "Bus Strike", "Priyadarsini"]
---

# പ്രിയദര്‍ശിനി'  കാരണം കടുത്ത പ്രതിസന്ധി; കാസർഗോഡ് ജില്ലയിൽ  സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി.

> **Lead Summary:** പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

## Article Content

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

കാസര്‍കോട് നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം കെഎസ്ആര്‍ടിസി ബസുകളെയാണ് ഇപ്പോള്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്. കാസര്‍കോട് എഴ് ബസ് റൂട്ടുകളോളം കര്‍ണാടകയുമായി ബന്ധിപ്പിക്കുന്നതാണ്.

ഈ റൂട്ടുകളിലൊന്നും സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറുന്നില്ല. ഒരു ദിവസം 115 രൂപ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് കിട്ടുന്നതെന്നതും പ്രതിസന്ധിയാണ്.

തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സ്വകാര്യ ബസ് മേഖലയിലുള്ളതെന്നും ഉടമകള്‍ പറയുന്നു. കാസര്‍കോട് വെറും മൂന്ന് റൂട്ടുകളില്‍ മാത്രമാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്തത്. എന്നാല്‍ ഇതൊക്കെ പരമാവധി 15 -18 രൂപ പോയിന്റുകള്‍ മാത്രമാണെന്നതും പ്രതിസന്ധിയാണ്.

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച പണി മുടക്കുമെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ പ്രധാന റൂട്ടുകളിലെല്ലാം പ്രതിസന്ധി കടുത്തെന്നും ബസ് ജീവനക്കാരില്‍ പലരും മറ്റ് തൊഴിലുകള്‍ തേടി തുടങ്ങിയെന്നും ഉടമകള്‍ പറയുന്നു.

തൃശൂര്‍ ജില്ലയിലെ ബസുകളും കൂട്ടത്തോടെ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വയനാട് ജില്ലയില്‍ സ്വകാര്യബസ് ഉടമകള്‍ ജൂണ്‍ അവസാനം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

പ്രിയദര്‍ശിനി പദ്ധതി നിലവില്‍ വന്നതോടെ സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം.

സൗജന്യയാത്രാ പദ്ധതി നിലവില്‍ വന്നതോടെ ദിനംപ്രതി 3000 രൂപയോളം നഷ്ടം വരുന്നുണ്ട്. പല ബസ് ഉടമകളും സര്‍വീസ് നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്, ആയിരക്കണത്തിന് ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/370707/severe-crisis-due-to-priyadarshini-private-bus-strike-begins-in-kasaragod-district)