---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ; തലശേരി - വടകര റൂട്ടിൽ ചൊവ്വാഴ്ച ബസ് പണിമുടക്ക്"
english_title: "Bus Strike on Thalassery-Vadakara Route on Tuesday Over Conductor Assault"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372237/bus-strike-on-thalassery-vadakara-route-on-tuesday-over-conductor-assault"
published_at: "2026-07-13T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a552d07d4f43_thalassery-vadakara-bus-strike-tuesday.jpg"
keywords: ["Thalassery Vadakara", "Bus Strike", "Conductor Attack", "Kunjippalli", "Private Bus Strike"]
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ; തലശേരി - വടകര റൂട്ടിൽ ചൊവ്വാഴ്ച ബസ് പണിമുടക്ക്

> **Lead Summary:** തലശേരി:ബസ് കണ്ടക്ടറെയും യാത്രക്കാരനെയും ഒരു സംഘം മർദിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച തലശ്ശേരി-വടകര റൂട്ടിൽ ബസുകൾ പണിമുടക്കും.

## Article Content

തലശേരി:ബസ് കണ്ടക്ടറെയും യാത്രക്കാരനെയും ഒരു സംഘം മർദിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച തലശ്ശേരി-വടകര റൂട്ടിൽ ബസുകൾ പണിമുടക്കും.

വടകര-തലശ്ശേരി റൂട്ടിലോടുന്ന അഥീന ബസിലെ കണ്ടക്ടർ വില്യാപ്പള്ളി സ്വദേശി സജാദ്, യാത്രക്കാരൻ ചോറോട് സ്വദേശി അഭിനവ് എന്നിവർക്കാണ് മർദനമേറ്റത്.

തലശ്ശേരി ബസ്റ്റാൻഡിൽ വിദ്യാർഥിനികളെ സീറ്റിൽ ഇരുത്തിയില്ലെന്ന ആരോപണമാണ് മർദനത്തിന് കാരണമായി പറയുന്നത്. വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെ കുഞ്ഞിപ്പള്ളിയിൽ വച്ച് ബസ് തടഞ്ഞുനിർത്തിയാണ് സജാദിനെ പുറത്തേക്ക് വിളിച്ചിറക്കി സംഘം മർദിച്ചത്. ബസിൽ സി.സി.ടി.വി ക്യാമറയുള്ളതിനാലാണ് പുറത്തേക്ക് കൊണ്ടുപോയി മർദിച്ചതെന്നാണ് വിവരം.

സംഭവത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ അഭിനവിനെയും സംഘം മർദിച്ചു. ഫോൺ പിടിച്ചുവാങ്ങി അതിലെ പ്രധാന ഫയലുകൾ ഡിലീറ്റ് ചെയ്യിച്ചതായും പരാതിയിൽ പറയുന്നു.

വയറിന് ക്ഷതമേറ്റ സജാദിനെയും അഭിനവിനെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോമ്പാല പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് നടന്ന മർദനത്തിൽ പോലീസ് ഉചിതമായ നടപടി എടുത്തില്ലെന്ന ആരോപണത്തെ തുടർന്നാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും പോലീസ് അറിയിച്ചു. പണിമുടക്ക് കാരണം ചൊവ്വാഴ്ച ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372237/bus-strike-on-thalassery-vadakara-route-on-tuesday-over-conductor-assault)