---
title: "കണ്ടക്ടർക്കും യാത്രക്കാരനും നേരെ മർദനം; തലശ്ശേരി-വടകര റൂട്ടിൽ ബസ് സമരം ആരംഭിച്ചു"
english_title: "Bus Strike Begins on Thalassery-Vadakara Route After Conductor and Passenger Assaulted"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372275/bus-strike-begins-on-thalassery-vadakara-route-after-conductor-and-passenger-assaulted"
published_at: "2026-07-14T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55c01ca9834_thalassery-vadakara-bus-strike-conductor-passenger-assault.jpg"
keywords: ["Thalassery Vadakara Bus Strike", "Kunjippalli", "Conductor Assault", "Athina Bus", "Private Bus"]
---

# കണ്ടക്ടർക്കും യാത്രക്കാരനും നേരെ മർദനം; തലശ്ശേരി-വടകര റൂട്ടിൽ ബസ് സമരം ആരംഭിച്ചു

> **Lead Summary:** തലശ്ശേരി: ബസ് കണ്ടക്ടറെയും യാത്രക്കാരനെയും ഒരു സംഘം മർദിച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരി-വടകര റൂട്ടിൽ ബസ് സമരം ആരംഭിച്ചു.

## Article Content

തലശ്ശേരി: ബസ് കണ്ടക്ടറെയും യാത്രക്കാരനെയും ഒരു സംഘം മർദിച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരി-വടകര റൂട്ടിൽ ബസ് സമരം ആരംഭിച്ചു.

വടകര-തലശ്ശേരി റൂട്ടിലോടുന്ന അഥീന ബസിലെ കണ്ടക്ടർ വില്യാപ്പള്ളി സ്വദേശി സജാദ്, യാത്രക്കാരൻ ചോറോട് സ്വദേശി അഭിനവ് എന്നിവർക്കാണ് മർദനമേറ്റത്.

തലശ്ശേരി ബസ്റ്റാൻഡിൽ വിദ്യാർഥിനികൾക്ക് സീറ്റ് നൽകിയില്ലെന്ന ആരോപണമാണ് സംഭവത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്നതിനിടെ കുഞ്ഞിപ്പള്ളിയിൽ വച്ച് ബസ് തടഞ്ഞുനിർത്തിയാണ് സജാദിനെ പുറത്തേക്ക് വിളിച്ചിറക്കി സംഘം മർദിച്ചത്. ബസിനകത്ത് സി.സി.ടി.വി ക്യാമറ ഉള്ളതിനാലാണ് പുറത്തേക്ക് കൊണ്ടുപോയി മർദിച്ചതെന്നാണ് വിവരം.

സംഭവം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ച അഭിനവിനെയും സംഘം ആക്രമിച്ചു. ഫോൺ പിടിച്ചുവാങ്ങി പ്രധാനപ്പെട്ട ഫയലുകൾ ഡിലീറ്റ് ചെയ്യിച്ചതായും പരാതിയിൽ പറയുന്നു.

വയറിന് പരിക്കേറ്റ സജാദിനെയും അഭിനവിനെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചോമ്പാല പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് നടന്ന ആക്രമണത്തിൽ പോലീസ് സമയബന്ധിതമായി ഇടപെട്ടില്ലെന്ന ആരോപണത്തെ തുടർന്നാണ് യൂണിയനുകൾ സമരത്തിലേക്ക് നീങ്ങിയത്.

അതേസമയം സംഭവത്തിൽ ഉൾപ്പെട്ടവരെ എല്ലാവരെയും തിരിച്ചറിഞ്ഞതായും ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും പോലീസ് അറിയിച്ചു. സമരം കാരണം ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഓടുന്നില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372275/bus-strike-begins-on-thalassery-vadakara-route-after-conductor-and-passenger-assaulted)