---
title: "തലശേരി ചിറക്കര സ്കൂളിൽ വീണ്ടും റാഗിംഗ്: പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ  മർദ്ദനം"
english_title: "Thalassery Chirayakkara School Ragging: Plus One Student Beaten by Seniors"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372503/thalassery-chirayakkara-school-ragging-plus-one-student-beaten-by-seniors"
published_at: "2026-07-15T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5736d0715e0_thalassery-chirayakkara-school-ragging-plus-one-student-attacked.jpg"
keywords: ["Thalassery", "Ragging", "School", "Student", "Attack", "Chirayakkara School"]
---

# തലശേരി ചിറക്കര സ്കൂളിൽ വീണ്ടും റാഗിംഗ്: പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ  മർദ്ദനം

> **Lead Summary:** തലശേരി: തലശേരി ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ് വീണ്ടും തലപൊക്കി. സീനിയർ വിദ്യാർത്ഥികളുടെ സംഘം പ്ലസ് വൺ വിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദ്ദിച്ചു. കൂട്ടമർദ്ദനത്തിൽ പരിക്കേറ്റ 16 കാരൻ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

തലശേരി: തലശേരി ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ് വീണ്ടും തലപൊക്കി. സീനിയർ വിദ്യാർത്ഥികളുടെ സംഘം പ്ലസ് വൺ വിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദ്ദിച്ചു. കൂട്ടമർദ്ദനത്തിൽ പരിക്കേറ്റ 16 കാരൻ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്.

ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് സ്കൂൾ കോമ്പൗണ്ടിൽ വച്ചായിരുന്നു സംഭവം. ഷർട്ടിന്റെ ബട്ടൺ ഇടാത്തതിന്റെ പേരിൽ 15 ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി. തുടർന്ന് കൈകൊണ്ട് മുഖത്തും നെഞ്ചത്തും വാരിയെല്ലിനും ഇടിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയിൽ തലശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 351 (2), 115 (2), 190 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഒരാഴ്ച മുൻപും ഇതേ കാരണം പറഞ്ഞ് സീനിയർ വിദ്യാർത്ഥികൾ തന്റെ മകനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞു. കൂട്ടമർദ്ദനത്തിൽ നെഞ്ചത്തും വാരിയെല്ലിനും ചെവിക്കും ക്ഷതമേറ്റ മകൻ നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. സംഭവം മൂലം സ്കൂളിലേക്ക് പോകാൻ കുട്ടി വിമുഖത കാട്ടുന്നതായും പിതാവ് അറിയിച്ചു.

സ്കൂളിൽ റാഗിംഗ് ആവർത്തിക്കുന്നത് രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പോലീസ് അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372503/thalassery-chirayakkara-school-ragging-plus-one-student-beaten-by-seniors)