---
title: "തലശേരി മാരിയമ്മ വാർഡിൽ വെളിച്ചം വിതറി എം.എൽ.എ ഫണ്ടിൽ നിന്നുമനുവദിച്ച 'ഉയരവിളക്ക്'"
english_title: "High Mast Light Inaugurated in Thalassery Mariyamma Ward Using MLA Fund"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372518/high-mast-light-inaugurated-in-thalassery-mariyamma-ward-using-mla-fund"
published_at: "2026-07-15T14:16:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a574bc999783_thalassery-mariyamma-ward-highmast-light-.jpg"
keywords: ["Thalassery", "Mariyamma Ward", "Highmast Light", "MLA Fund"]
---

# തലശേരി മാരിയമ്മ വാർഡിൽ വെളിച്ചം വിതറി എം.എൽ.എ ഫണ്ടിൽ നിന്നുമനുവദിച്ച 'ഉയരവിളക്ക്'

> **Lead Summary:** തലശേരി: തലശേരി നഗരസഭയിലെ മാരിയമ്മ വാർഡിലെ രാത്രികാല ഇരുട്ടിന് പരിഹാരമായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനമാരംഭിച്ചു.

## Article Content

തലശേരി: തലശേരി നഗരസഭയിലെ മാരിയമ്മ വാർഡിലെ രാത്രികാല ഇരുട്ടിന് പരിഹാരമായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനമാരംഭിച്ചു.

എ.വി.കെ. നായർ റോഡ് ജംഗ്ഷനിൽ ഡൗൺ ടൗൺ മാളിന് സമീപം സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.

പ്രദേശത്തെ ജനങ്ങൾക്ക് രാത്രിയിലെ യാത്രയും ഗതാഗതവും സുരക്ഷിതമാക്കുന്നതിനും പൊതുസ്ഥലത്ത് മെച്ചപ്പെട്ട വെളിച്ച സൗകര്യം ഉറപ്പാക്കുന്നതിനുമാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇതുവരെ ഇരുട്ട് മൂലം ബുദ്ധിമുട്ടിയിരുന്ന നാട്ടുകാർക്ക് പുതിയ വെളിച്ചം വലിയ ആശ്വാസമാണ് നൽകുന്നത്.

ചടങ്ങിൽ മാരിയമ്മ വാർഡ് കൗൺസിലർ നൂറ ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നഗരസഭയും ജനപ്രതിനിധികളും തുടർന്നും ഇടപെടുമെന്ന് നൂറ ടീച്ചർ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ വികസന പദ്ധതികൾ വാർഡിൽ നടപ്പാക്കുമെന്നും അവർ അറിയിച്ചു.

പരിപാടിയിൽ പി.പി. മുഹമ്മദലി, കെ. ഖാലിദ്, കെ. മുഹമ്മദ്, റഹീസ് ഫാറൂഖ് പാലൊട്ട്, യു.വി. സാലി, സുഹൈഫ് അവാലിൽ, റുഫൈസ്, ഉബൈസ്, ടി.പി. ദിൽഷാദ്, മുൻ കൗൺസിലർ വി.കെ. ഹുസൈൻ, വാർഡ് കൺവീനർ എം.എം.കെ. റിയാസ്, എ.പി. റഹീം എന്നിവർ പങ്കെടുത്തു. നാട്ടുകാരും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ പ്രദേശത്തെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്നും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും പൊതുജനങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372518/high-mast-light-inaugurated-in-thalassery-mariyamma-ward-using-mla-fund)