---
title: "തലശ്ശേരി നഗരസഭയിലെ കുടിവെള്ള പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന് എംഎൽഎ കാരായി രാജൻ"
english_title: "MLA Karayi Rajan Reviews Thalassery Drinking Water Projects, Urges Speedy Completion"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372620/mla-karayi-rajan-reviews-thalassery-drinking-water-projects-urges-speedy-completion"
published_at: "2026-07-15T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57be004aac5_thalassery-drinking-water-projects-.jpg"
keywords: ["Thalassery", "Karayi Rajan", "Drinking Water Project", "Kannur News"]
---

# തലശ്ശേരി നഗരസഭയിലെ കുടിവെള്ള പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന് എംഎൽഎ കാരായി രാജൻ

> **Lead Summary:** തലശ്ശേരി: തലശ്ശേരി നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന് എംഎൽഎ കാരായി രാജൻ നിർദേശിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന് എംഎൽഎ കാരായി രാജൻ നിർദേശിച്ചു.

നഗരസഭാ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. സർക്കാരിൽ നിന്ന് ലഭിക്കേണ്ട പ്രത്യേക അനുമതികൾ ഉടൻ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ അറിയിച്ചു.

മലബാർ കാൻസർ സെന്ററിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ഉറപ്പാക്കുന്നതിനായി 12.5 ലക്ഷം ലിറ്റർ ശേഷിയുള്ള 3 കോടി രൂപയുടെ ജലസംഭരണി നിർമ്മാണം പുരോഗമിക്കുകയാണ്. സുനാമി കോളനിയിലെ ജലസംഭരണിയിൽ നിന്ന് പ്രധാന വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികളും മുന്നേറുന്നതായി യോഗം വിലയിരുത്തി.

നഴ്സിംഗ് കോളേജ് മുതൽ ജംപ്ലാസ്റ്റ് ജംഗ്ഷൻ വരെയും, ജംപ്ലാസ്റ്റ് ജംഗ്ഷൻ മുതൽ മോറക്കുന്ന് വരെയും 5 കോടി രൂപ വീതം ചെലവഴിച്ചുള്ള പൈപ്പ് ലൈൻ പദ്ധതികളും, കുട്ടിമാക്കൂലിൽ നിന്ന് സംപ് വരെ പൈപ്പ് സ്ഥാപിക്കൽ, ബൂസ്റ്റർ സംപ്, പമ്പ് ഹൗസ് നിർമ്മാണം ഉൾപ്പെടുന്ന 3 കോടി രൂപയുടെ പദ്ധതിയും നിലവിൽ ടെൻഡർ ഘട്ടത്തിലാണ്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.

അമൃത് കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കുകയും പ്രവൃത്തികൾക്കായി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുകയും ചെയ്യണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372620/mla-karayi-rajan-reviews-thalassery-drinking-water-projects-urges-speedy-completion)