---
title: "22 കോടി രൂപക്ക് പുതു മോടി ;  നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും"
english_title: "Thalassery Railway Station Redeveloped at Rs 22.36 Crore, PM Modi to Inaugurate Tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372686/thalassery-railway-station-redeveloped-at-rs-2236-crore-pm-modi-to-inaugurate-tomorrow"
published_at: "2026-07-16T11:16:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58740644b8f_WQWQWQW.jpg"
keywords: ["Thalassery Railway Station", "Amrit Bharat Scheme", "Narendra Modi", "Railway Development"]
---

# 22 കോടി രൂപക്ക് പുതു മോടി ;  നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

> **Lead Summary:** തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22.36 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ നാളെ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നാടിന് സമർപ്പിക്കും.

## Article Content

തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22.36 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ നാളെ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നാടിന് സമർപ്പിക്കും.

തലശ്ശേരി ഉൾപ്പെടെ സംസ്ഥാനത്തെ 6 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഒരേസമയം നിർവഹിക്കും. ഷൊർണൂർ-മംഗളൂരു മെയിൻ ലൈനിലെ എൻ.എസ്.ജി-3 കാറ്റഗറിയിൽപ്പെട്ട തലശ്ശേരി സ്റ്റേഷന്റെ വികസനം മലയോര മേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് ഉൾപ്പെടെ വലിയ നേട്ടമാകും.

പ്രതിദിനം ശരാശരി 28,642 യാത്രക്കാർ ആശ്രയിക്കുന്ന ഈ സ്റ്റേഷൻ വഴി ദിവസേന 68 മുതൽ 70 വരെ ട്രെയിനുകൾ കടന്നുപോകുന്നുണ്ട്. കേക്ക്, സർക്കസ്, ക്രിക്കറ്റ് എന്നീ മൂന്ന് 'സി'കളുടെ നഗരമായ തലശ്ശേരിയുടെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ടാണ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.

മലബാർ പാചകരീതി, തെയ്യം കലാസൃഷ്ടികൾ, തലശ്ശേരി കോട്ട, മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയായ സ്റ്റേഷന്റെ മുഖച്ഛായ മലബാറിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ഡിസൈനിലാണ് ഒരുക്കിയത്.

പ്രധാന സൗകര്യങ്ങൾ:

എയർകണ്ടീഷൻഡ് വെയ്റ്റിങ് ഹാൾ, ഓപ്പൺ വെയ്റ്റിങ് ലോഞ്ച്, വിശാലമായ കോൺകോഴ്‌സ്, ആധുനിക ബുക്കിങ് ഓഫീസുകൾ, പ്രത്യേക ഡ്രൈവ്-വേകളോട് കൂടിയ പുതിയ കവാടങ്ങൾ എന്നിവ ഒരുക്കി. ടി.സി മുക്ക്, ഗുഡ്സ് ഷെഡ് റോഡ് വഴിയെത്തുന്നവർക്കായി രണ്ടാമത്തെ സ്റ്റേഷൻ കെട്ടിടവും ബുക്കിങ് ഓഫീസ്, കോൺകോഴ്‌സ്, പാർക്കിങ് സൗകര്യങ്ങളോടെ നിർമിച്ചു.

പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിൽ 2 പുതിയ ലിഫ്റ്റുകൾ, 17 പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഡിജിറ്റൽ കോച്ച് ഗൈഡൻസ് സിസ്റ്റം, ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേഷൻ ബോർഡുകൾ എന്നിവ സ്ഥാപിച്ചു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ടാക്റ്റൈൽ വാക്ക്‌വേകൾ, റാമ്പുകൾ, പ്രത്യേക ശുചിമുറികൾ എന്നിവയും ഉറപ്പാക്കി.

കേരളത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ആധുനികവൽക്കരിക്കുന്ന 35 സ്റ്റേഷനുകളിൽ ഒന്നാണ് തലശ്ശേരി. അങ്കമാലി, ചാലക്കുടി, തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ എന്നിവയാണ് ഒപ്പം ഉദ്ഘാടനം ചെയ്യുന്ന മറ്റ് സ്റ്റേഷനുകൾ. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും. ഒന്നാം പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തിന് സമീപം പ്രത്യേക പന്തലും സജ്ജീകരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372686/thalassery-railway-station-redeveloped-at-rs-2236-crore-pm-modi-to-inaugurate-tomorrow)