---
title: "തലശേരിയിലെ  വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘത്തിലെ കോടികളുടെ  തട്ടിപ്പ് ; ഇടപാടുകാർ പ്രതിഷേധവുമായി രംഗത്ത്"
english_title: "Rs 1.1 Crore Fraud in Thalassery Traders Cooperative Society, Investors Protest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372722/rs-11-crore-fraud-in-thalassery-traders-cooperative-society-investors-protest"
published_at: "2026-07-16T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a588d21c1b73_thalassery-traders-cooperative-society-fraud-investors.jpg"
keywords: ["Cooperative Fraud", "Traders Cooperative Society", "Thalassery"]
---

# തലശേരിയിലെ  വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘത്തിലെ കോടികളുടെ  തട്ടിപ്പ് ; ഇടപാടുകാർ പ്രതിഷേധവുമായി രംഗത്ത്

> **Lead Summary:** തലശ്ശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണവും സ്വീകരിച്ച ശേഷം സ്ഥാപനത്തിന്റെ മാനേജർ മുങ്ങിയ സംഭവം വലിയ വിവാദത്തിലേക്ക്. ഒ.വി. റോഡിൽ പ്രവർത്തിച്ചിരുന്ന തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്.

## Article Content

തലശ്ശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണവും സ്വീകരിച്ച ശേഷം സ്ഥാപനത്തിന്റെ മാനേജർ മുങ്ങിയ സംഭവം വലിയ വിവാദത്തിലേക്ക്. ഒ.വി. റോഡിൽ പ്രവർത്തിച്ചിരുന്ന തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്.

നിക്ഷേപകരും തട്ടിപ്പിനിരയായവരും ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഗുഡ് ഷെഡ് റോഡിലെ ഓഫീസിലെത്തി പ്രതിഷേധം രേഖപ്പെടുത്തി.

നിക്ഷേപിച്ച പണവും പണയമായി നൽകിയ സ്വർണവും എത്രയും വേഗം തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരകൾ രംഗത്തെത്തിയത്. നിക്ഷേപകരുമായി വ്യാപാരി നേതാക്കൾ ചർച്ച നടത്തി. ഇതിനിടെ, ഒ.വി. റോഡിലെ സഹകരണ സംഘത്തിന്റെ ഓഫീസ് പൂട്ടിക്കിടക്കുകയാണ്സംഭവവുമായി ബന്ധപ്പെട്ട് ഒരു കോടി പത്ത് ലക്ഷം രൂപയിലധികം തട്ടിപ്പ് നടന്നതായി ആരോപിച്ച് മൂന്ന് പരാതികൾ തലശേരി പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിക്ഷേപകരിൽ നിന്ന് വൻതുകകൾ കൈപ്പറ്റിയ ശേഷം മുതലോ വാഗ്ദാനം ചെയ്ത പലിശയോ തിരികെ നൽകാതെ മുങ്ങിയെന്ന പരാതിയിൽ സംഘം സെക്രട്ടറി ജോജിഷിനും ഭരണസമിതി അംഗങ്ങൾക്കും എതിരെ വിശ്വാസവഞ്ചന, ചതിക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

സംഭവത്തിൽ സഹകരണ സംഘത്തിന്റെ പ്രവർത്തനത്തെയും മേൽനോട്ട സംവിധാനത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. 2020-ലാണ് അവസാനമായി സ്ഥാപനത്തിൽ ഓഡിറ്റ് നടന്നത്. കഴിഞ്ഞ ആറു വർഷമായി ഓഡിറ്റ് നടത്തിയിട്ടില്ല എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ സെക്രട്ടറിയുടെ ഭാഗത്ത് നേരത്തെ തന്നെ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടായിരുന്നിട്ടും സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.

അതേസമയം, സെക്രട്ടറിയുടെ കൈവശം ഉണ്ടായിരുന്ന കണക്കുകൾ ലഭിക്കാത്തതിനാലാണ് അദ്ദേഹത്തിനെതിരെ നേരത്തെ അച്ചടക്ക നടപടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് സഹകരണ സംഘം അധികൃതരുടെ വിശദീകരണം. സെക്രട്ടറിയുടെ കൈവശം ഉപയോഗിച്ചിരുന്ന നിരവധി ബോണ്ടുകളും രസീതുകളും വ്യാജമാണെന്ന് പ്രാഥമിക പരിശോധനയിൽ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു.

സെക്രട്ടറിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ശേഖരിച്ച് തലശേരി പോലീസിന് കൈമാറിയിട്ടുണ്ടെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു. സഹകരണ വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം നിലവിൽ പൂട്ടിക്കിടക്കുന്ന ഓഫീസ് തുറന്ന് വരവ്-ചെലവ് കണക്കുകളും രേഖകളും വിശദമായി പരിശോധിക്കും.

സംഭവത്തിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി മുന്നോട്ട് വരാൻ സാധ്യതയുള്ളതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കുമെന്നാണ് സൂചന.

ആകെയുള്ള ജീവിതസമ്പാദ്യമാണ് പലർക്കും നഷ്ടമായതെന്ന് നിക്ഷേപകർ പറയുന്നു. പണം നഷ്ടപ്പെട്ടവർക്ക് നീതി ഉറപ്പാക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിലവിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372722/rs-11-crore-fraud-in-thalassery-traders-cooperative-society-investors-protest)