---
title: "ഷോപ്പിംഗ് നടത്താനാ സാറെ ; തലശ്ശേരി നഗരമധ്യത്തിലെ എം.ജി കോംപ്ലക്സിൽ പെരുമ്പാമ്പ്"
english_title: "Giant Python Found in Thalassery MG Complex, Rescued by Forest Officials"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372743/giant-python-found-in-thalassery-mg-complex-rescued-by-forest-officials"
published_at: "2026-07-16T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5898d74fc28_thalassery-mg-complex-python-found-rescued.jpg"
keywords: ["Python Rescue", "MG Complex", "Snake Rescue", "Forest Department", "Thalassery"]
---

# ഷോപ്പിംഗ് നടത്താനാ സാറെ ; തലശ്ശേരി നഗരമധ്യത്തിലെ എം.ജി കോംപ്ലക്സിൽ പെരുമ്പാമ്പ്

> **Lead Summary:** തലശ്ശേരി: ഷോപ്പിംഗ് നടത്താനെത്തിയവരെയും വ്യാപാരികളെയും ഒരുപോലെ പരിഭ്രാന്തരാക്കി തലശ്ശേരി നഗരമധ്യത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.ജി കോംപ്ലക്സിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

## Article Content

തലശ്ശേരി: ഷോപ്പിംഗ് നടത്താനെത്തിയവരെയും വ്യാപാരികളെയും ഒരുപോലെ പരിഭ്രാന്തരാക്കി തലശ്ശേരി നഗരമധ്യത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.ജി കോംപ്ലക്സിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

സ്റ്റാർ കഫേയ്ക്ക് സമീപമുള്ള ഇടവഴിയിൽ ഒരു കടയുടെ മുന്നിൽ അട്ടിവെച്ചിരുന്ന കാർഡ്ബോർഡ് പെട്ടികൾക്കിടയിലാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. വലിയ പെരുമ്പാമ്പിനെ കണ്ടതോടെ പ്രദേശത്ത് നിമിഷങ്ങൾക്കുള്ളിൽ പരിഭ്രാന്തി പരന്നു.  വിവരം അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി.

സംഭവമറിഞ്ഞ ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് സർപ്പ വോളന്റിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി. ഏറെ സൂക്ഷ്മതയോടെയും പ്രയാസപ്പെട്ടുമാണ് അദ്ദേഹം പെരുമ്പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ സുരക്ഷിതമായി അടുത്തുള്ള വനമേഖലയിലേക്ക് മാറ്റിവിട്ടു.

സമയോചിതമായ ഇടപെടലിലൂടെ വൻ അപകടസാധ്യത ഒഴിവാക്കാനായതായി സ്ഥലത്തെത്തിയ തലശ്ശേരി നഗരസഭാ കൗൺസിലർ സി.ഒ.ടി ഷബീർ പറഞ്ഞു. മഴക്കാലമായതിനാൽ ഭക്ഷണവും അഭയവും തേടി പെരുമ്പാമ്പുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പാമ്പുകളെ ഉപദ്രവിക്കാനോ അടുത്ത് ചെല്ലാനോ ശ്രമിക്കരുതെന്നും ഉടൻ തന്നെ വനം വകുപ്പിനെയോ അംഗീകൃത സർപ്പരക്ഷാ പ്രവർത്തകരെയോ വിവരം അറിയിക്കണമെന്നും ബിജിലേഷ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372743/giant-python-found-in-thalassery-mg-complex-rescued-by-forest-officials)