---
title: "അമൃത് ഭാരത് പദ്ധതി: നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും"
english_title: "PM Modi to Inaugurate Renovated Thalassery Railway Station Under Amrit Bharat Scheme Today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372913/pm-modi-to-inaugurate-renovated-thalassery-railway-station-under-amrit-bharat-scheme-today"
published_at: "2026-07-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d8908befb_thalassery-railway-station-inauguration-amrit-.jpg"
keywords: ["Thalassery Railway Station", "Amrit Bharat Scheme", "PM Modi", "Railway Renovation", "Karaayi Rajan"]
---

# അമൃത് ഭാരത് പദ്ധതി: നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

> **Lead Summary:** തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിലൂടെ പൂർണമായും നവീകരണം പൂർത്തിയാക്കിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും.

## Article Content

തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിലൂടെ പൂർണമായും നവീകരണം പൂർത്തിയാക്കിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് 2.30-ന് ഓൺലൈൻ വഴിയാണ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുക. രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ ഉദ്ഘാടനത്തോടൊപ്പമാണ് തലശ്ശേരി സ്റ്റേഷനും ഉദ്ഘാടനം ചെയ്യുന്നത്.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയാണ് തലശ്ശേരി സ്റ്റേഷൻ പുനർനിർമിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി വിശാലമായ വെയിറ്റിംഗ് ഹാൾ, ശുചിത്വമുള്ള ടോയ്ലറ്റുകൾ, മെച്ചപ്പെട്ട ലൈറ്റിംഗ്, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, പുതിയ പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കാരായി രാജൻ എം.എൽ.എ, എം.പി.മാരായ ഷാഫി പറമ്പിൽ, വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ, സി. സദാനന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.

വടക്കൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ തലശ്ശേരിയുടെ നവീകരണം ഈ മേഖലയിലെ യാത്രക്കാർക്ക് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ചരിത്രപ്രാധാന്യമുള്ള സ്റ്റേഷന് പുതിയ മുഖം ലഭിച്ചതോടെ യാത്രാനുഭവം കൂടുതൽ സുഖകരമാകും.

റെയിൽവേയുടെ ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി തലശ്ശേരി സ്റ്റേഷൻ ഒരു മാതൃകാ സ്റ്റേഷനായി മാറുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372913/pm-modi-to-inaugurate-renovated-thalassery-railway-station-under-amrit-bharat-scheme-today)