---
title: "നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും"
english_title: "Nemmara Double Murder Case: Chendamara Sentenced to Death, Rs 20 Lakh Fine"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373483/nemmara-double-murder-case-chendamara-sentenced-to-death-rs-20-lakh-fine"
published_at: "2026-07-20T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dcf8a6be18_Untitled-3_copy.jpg"
keywords: []
---

# നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

> **Lead Summary:** കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ വിധിച്ച് കോടതി.

## Article Content

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ വിധിച്ച് കോടതി.

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷ പ്രഖ്യാപിച്ചത്.

കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. തുക നൽകാൻ ചെന്താമരക്ക് കഴിയുന്നില്ലെങ്കിൽ സർക്കാർ സഹായം നൽകണമെന്നും വിധിയിൽ പറഞ്ഞു. പിഴ അടച്ചില്ലെങ്കിൽ കൂടാതെ 3 വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

> ചെന്താമരക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ടെന്ന് ജഡ്ജി പറഞ്ഞു. "ഗാന്ധിയല്ല താൻ. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല" എന്ന് പ്രതി കോടതിയിൽ പറഞ്ഞതായും വിധിയിൽ പരാമർശിച്ചു.

കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ പ്രതി കുറ്റബോധം പ്രകടിപ്പിച്ചെങ്കിലും പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല എന്ന് കോടതി വിലയിരുത്തി. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനമില്ലാതെയാണ് കൊലപാതകം നടന്നത്.

ജാമ്യം ലംഘിച്ചാണ് ചെന്താമര കൊലപാതകങ്ങൾ നടത്തിയത്. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം പ്രതി വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ള ആളാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന് പ്രതി ഭീഷണിയാണെങ്കിൽ വധശിക്ഷ നൽകാമെന്ന ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373483/nemmara-double-murder-case-chendamara-sentenced-to-death-rs-20-lakh-fine)