---
title: "വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു"
english_title: "Shigella Cases Reported in Wayanad Engineering College Student Hospitalized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373660/shigella-cases-reported-in-wayanad-engineering-college-student-hospitalized"
published_at: "2026-07-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f080c8b1ce_wayanad-shigella-case-engineering.jpg"
keywords: ["Wayanad", "Shigella", "Engineering College", "Mananthavady", "Food Poisoning"]
---

# വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

> **Lead Summary:** വയനാട്ടിൽ വീണ്ടും ഷിഗെല്ല ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ഒരു എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

വയനാട്ടിൽ വീണ്ടും ഷിഗെല്ല ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ഒരു എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ദിവസങ്ങൾക്ക് മുമ്പ് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിയുടെ പരിശോധന ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതേ കോളജിലെ നാല് വിദ്യാർത്ഥികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

കോളജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽ ഒരാൾ ഹോസ്റ്റലിൽ താമസിക്കുന്നവരും മറ്റ് മൂന്ന് പേർ പുറത്ത് താമസിക്കുന്നവരുമാണ്.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കോളജ് അധികൃതർക്കും പരിസരത്തെ കടകൾക്കും ആരോഗ്യവകുപ്പ് കർശന നിർദേശങ്ങൾ നൽകി.

കോളജിലും പരിസരത്തും പ്രത്യേക ശുചീകരണവും ബോധവത്കരണ ക്ലാസുകളും നടത്താൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്താനും ഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നിർദേശമുണ്ട്.

ഇതിന് പിന്നാലെ കൊച്ചിയിലും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. നടത്തിയ പരിശോധനകളിലാണ് രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചത്.

വയറിളക്കം, പനി, വയറുവേദന എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. വ്യക്തിശുചിത്വം പാലിക്കാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373660/shigella-cases-reported-in-wayanad-engineering-college-student-hospitalized)