---
title: "സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം"
english_title: "Nithin Raj Case: Kerala High Court Slams Police and Government for Lapses"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373896/nithin-raj-case-kerala-high-court-slams-police-and-government-for-lapses"
published_at: "2026-07-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a606fa48ae95_nithin-raj-case-high-court-criticizes-police-government_copy.jpg"
keywords: []
---

# സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

> **Lead Summary:** തലശ്ശേരി:അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പോലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

## Article Content

തലശ്ശേരി:അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പോലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

നിയമപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിയെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ പോലീസ് ലംഘിച്ചതായാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേസ് കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ ജഡ്ജ് നിശ്ചയിച്ചിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താതെയാണ് പോലീസ് റിമാൻഡ് ആവശ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഔപചാരികതകൾ പാലിച്ചശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

ഈ കേസിൽ പോലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡോ. റാമും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

> "പണത്തിന് മീതേ പരുന്തും പറക്കില്ലേ? പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ?" എന്ന് ചോദിച്ച കോടതി, സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങൾ പോലും അറിയാതെയാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് ചോദിച്ചു.

> ഒരു ഡിവൈഎസ്പി നേതൃത്വം നൽകിയ അന്വേഷണത്തിൽ ഇത്തരം വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും അന്വേഷണസംഘത്തെ മാറ്റാൻ സർക്കാരിന് ആകില്ലെന്നും കോടതി പറഞ്ഞു. "സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ്ണ പരാജയമാണ്" എന്ന് കോടതി കടുപ്പിച്ചു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373896/nithin-raj-case-kerala-high-court-slams-police-and-government-for-lapses)