---
title: "തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ"
english_title: "Thalassery Cooperative Society Fraud | Secretary Arrested in Rameswaram After 4.5 Crore Scam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373948/thalassery-cooperative-society-fraud-secretary-arrested-in-rameswaram-after-45-crore-scam"
published_at: "2026-07-22T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6094dd9a293_thalassery-cooperative-society-fraud-secretary-arrested-rameswaram.jpg"
keywords: ["Thalassery fraud", "Cooperative society scam", "Kerala cooperative fraud", "Pinarayi", "Thalassery police"]
---

# തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

> **Lead Summary:** തലശേരി: അമിത പലിശ വാഗ്ദാനം നൽകി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറിയെ പോലീസ് രാമേശ്വരത്ത് നിന്ന് പിടികൂടി.

## Article Content

തലശേരി: അമിത പലിശ വാഗ്ദാനം നൽകി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറിയെ പോലീസ് രാമേശ്വരത്ത് നിന്ന് പിടികൂടി.

പിണറായി പടന്നക്കര കുന്നത്ത് സുജാലയത്തിൽ കെ.സി. ജ്യോജിഷ് (40) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 26 മുതൽ ഇയാളെ കാണാതായിരുന്നു. തലശേരിയിൽ നിന്ന് രക്ഷപ്പെട്ട ജ്യോജിഷ് ആദ്യം മുംബൈയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും സഞ്ചരിച്ച ശേഷമാണ് രാമേശ്വരത്ത് എത്തിയത്.

അന്വേഷണ സംഘം ജ്യോജിഷിനെ ഉടൻ തലശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കും. ചോദ്യം ചെയ്യലിനു ശേഷം ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. ഇതിനിടെ ഒരു ദിവസം ജ്യോജിഷ് സഹകരണ സംഘം ഓഫീസിൽ എത്തിയതായും സൂചന ലഭിച്ചിരുന്നു.

ഏകദേശം 4.5 കോടി രൂപയുടെ തട്ടിപ്പാണ് സംഘത്തിൽ നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അമിത പലിശ വാഗ്ദാനം നൽകി ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഉൾപ്പെടെ നിരവധി പേരെ ജ്യോജിഷ് കബളിപ്പിച്ചതായാണ് പരാതി.

നിക്ഷേപകരുടെ പരാതികളിൽ ആദ്യം കേസെടുക്കാൻ വൈകിയ തലശേരി പോലീസ് പിന്നീട് 4 പേരുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനകം ജ്യോജിഷിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് നിരവധി തവണ റെയ്ഡ് നടത്തി.

പോലീസും വെൽഫെയർ സംഘം ഭരണസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ചേർന്നാണ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റിന് കീഴിലാണ് സഹകരണ സംഘം പ്രവർത്തിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് സംഘം നേതൃത്വം ഇതുവരെ കൃത്യമായ പ്രതികരണം നടത്താത്തതിൽ ദുരൂഹതയുണ്ടെന്ന് നിക്ഷേപകർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373948/thalassery-cooperative-society-fraud-secretary-arrested-in-rameswaram-after-45-crore-scam)