---
title: "അഞ്ചുവയസ്സുള്ള മകളുടെ മുഖത്ത് പൊള്ളലേൽപ്പിച്ച കേസിൽ കുട്ടിയുടെ ചികിത്സയ്ക്ക് അച്ഛൻ 10,000 രൂപ നൽകണമെന്ന് തലശ്ശേരി സെഷൻസ് കോടതി ഉത്തരവ്"
english_title: "Thalassery Court Orders Father to Pay Rs 10000 for Daughter's Treatment in Burn Case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375291/thalassery-court-orders-father-to-pay-rs-10000-for-daughters-treatment-in-burn-case"
published_at: "2026-07-29T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a671ee133_thalassery-court-father-pay-10000-daughter.jpg"
keywords: ["Thalassery Sessions Court", "Child Abuse Case", "Domestic Violence", "Child Protection"]
---

# അഞ്ചുവയസ്സുള്ള മകളുടെ മുഖത്ത് പൊള്ളലേൽപ്പിച്ച കേസിൽ കുട്ടിയുടെ ചികിത്സയ്ക്ക് അച്ഛൻ 10,000 രൂപ നൽകണമെന്ന് തലശ്ശേരി സെഷൻസ് കോടതി ഉത്തരവ്

> **Lead Summary:** തലശ്ശേരി: അഞ്ചുവയസ്സുള്ള മകളുടെ മുഖത്ത് പൊള്ളലേൽപ്പിച്ച കേസിൽ പ്രതിയായ അച്ഛൻ കുട്ടിയുടെ ചികിത്സയ്ക്ക് 10,000 രൂപ നൽകണമെന്ന് തലശ്ശേരി സെഷൻസ് കോടതി ഉത്തരവിട്ടു.

## Article Content

തലശ്ശേരി: അഞ്ചുവയസ്സുള്ള മകളുടെ മുഖത്ത് പൊള്ളലേൽപ്പിച്ച കേസിൽ പ്രതിയായ അച്ഛൻ കുട്ടിയുടെ ചികിത്സയ്ക്ക് 10,000 രൂപ നൽകണമെന്ന് തലശ്ശേരി സെഷൻസ് കോടതി ഉത്തരവിട്ടു.

മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ 2026 ഏപ്രിൽ 22-ന് വൈകിട്ടാണ് സംഭവം. തില്ലങ്കേരി ടി.പി. ഹൗസിൽ ടി.പി. ശിവൻ എന്ന 49 കാരനാണ് കേസിലെ പ്രതി. ഓലക്കണ്ണി കത്തിച്ച് കുട്ടിയുടെ മുഖത്ത് പൊള്ളലേൽപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള അച്ഛൻ തന്നെ കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനാൽ ചികിത്സാ ചെലവ് നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ജഡ്ജി എം. മനോജിന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തുക ശിവൻ ഭാര്യയുടെ പേരിൽ മണിയോഡറായി അയക്കണം. തുക നൽകിയതിന്റെ രശീതി ഓഗസ്റ്റ് 18-ന് കോടതിയിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി മറ്റ് നിർദ്ദേശങ്ങളും നൽകിയത്. ചോദ്യം ചെയ്യലിന് പ്രതി ഓഗസ്റ്റ് മൂന്നിന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. ആവശ്യമെങ്കിൽ നാല്, അഞ്ച് തീയതികളിൽ രാവിലെ മുതൽ വൈകിട്ട് വരെയും ഹാജരാകണം.

കൂടാതെ ഓഗസ്റ്റ് ഏഴിന് പ്രതി ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മുമ്പാകെ ഹാജരാകണം. പ്രൊബേഷൻ ഓഫീസർ പ്രതിക്ക് കൗൺസലിംഗ് നൽകണം. ആവശ്യമെങ്കിൽ പ്രൊഫഷണൽ കൗൺസലറുടെ സേവനവും ലഭ്യമാക്കണം. ഇതുസംബന്ധിച്ച റിപ്പോർട്ട് പിന്നീട് കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശമുണ്ട്.ഭർത്താവും ഭാര്യയും നിലവിൽ അകന്ന് കഴിയുകയാണ് എന്ന വിവരവും കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375291/thalassery-court-orders-father-to-pay-rs-10000-for-daughters-treatment-in-burn-case)