---
title: "ധർമ്മടത്ത് വയോധികയുടെ മൂന്നുപവൻ മാല പൊട്ടിച്ച കേസിൽ പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ"
english_title: "Dharmadam Gold Chain Snatching Case: Two Accused Arrested Within 24 Hours"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375394/dharmadam-gold-chain-snatching-case-two-accused-arrested-within-24-hours"
published_at: "2026-07-29T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a10c8489bf_dharmadam-chain-snatching-case-two-arrested.jpg"
keywords: ["Dharmadam", "Chain Snatching", "Gold Robbery", "Arrest", "Thalassery ASP Squad"]
---

# ധർമ്മടത്ത് വയോധികയുടെ മൂന്നുപവൻ മാല പൊട്ടിച്ച കേസിൽ പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

> **Lead Summary:** തലശ്ശേരി: ധർമ്മടത്ത് വയോധികയുടെ മൂന്ന് പവൻ സ്വർണമാല പൊട്ടിച്ച കേസിലെ പ്രതികൾ 24 മണിക്കൂറിനുള്ളിൽ പോലീസ് വലയിലായി. ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ധർമ്മടം ചാത്തോടത്ത് തനിച്ച താമസിക്കുന്ന അസുഖബാധിതയായ വയോധികയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കൾ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്.

## Article Content

തലശ്ശേരി: ധർമ്മടത്ത് വയോധികയുടെ മൂന്ന് പവൻ സ്വർണമാല പൊട്ടിച്ച കേസിലെ പ്രതികൾ 24 മണിക്കൂറിനുള്ളിൽ പോലീസ് വലയിലായി. ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ധർമ്മടം ചാത്തോടത്ത് തനിച്ച താമസിക്കുന്ന അസുഖബാധിതയായ വയോധികയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കൾ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്.

വീട് വാടകയ്ക്ക് ലഭിക്കുമോയെന്ന് ചോദിച്ചാണ് പ്രതികൾ വീടിനകത്ത് കയറിയത്. പിന്നീട് വയോധികയുടെ കഴുത്തിൽ നിന്ന് ഏകദേശം 3 പവൻ സ്വർണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ വയോധികയുടെ പരാതിയെ തുടർന്ന് ധർമ്മടം പോലീസും തലശ്ശേരി എ.എസ്.പി. സ്ക്വാഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു.

ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ, തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് എന്നിവരാണ് അറസ്റ്റിലായത്. മാല വിറ്റശേഷം കാസർകോട് നിന്ന് വാഹനം വാടകയ്ക്കെടുത്ത് മംഗലാപുരത്തേക്ക് കടന്ന പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.

തുടർന്ന് പോലീസ് സംഘം കാസർകോട്, സൂറത്ത്കൽ, മംഗലാപുരം മേഖലകളിൽ തിരച്ചിൽ നടത്തി. ഒടുവിൽ സൂറത്ത്കലിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികളിൽ മുഹമ്മദ് അനസിനെതിരെ തലശ്ശേരി പോലീസ് സ്റ്റേഷനിലും മുഹമ്മദ് യാസിനെതിരെ കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിലും നേരത്തെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡിയുടെയും തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപന്റെയും മേൽനോട്ടത്തിൽ എസ്.ഐ. അനുരൂപും ധർമ്മടം പോലീസും തലശ്ശേരി എ.എസ്.പി. സ്ക്വാഡും ചേർന്നാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375394/dharmadam-gold-chain-snatching-case-two-accused-arrested-within-24-hours)