---
title: "തലായി ഹാർബറിന്റെയും ഗോപാലപ്പേട്ട ജെട്ടിയുടെയും വികസനം: എം.എൽ.എ കാരായി രാജന്റെ അധ്യക്ഷതയിൽ യോഗം"
english_title: "Thalassery Talai Fishing Harbour Development Meeting Chaired By MLA Karayi Rajan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375446/thalassery-talai-fishing-harbour-development-meeting-chaired-by-mla-karayi-rajan"
published_at: "2026-07-30T09:30:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6accdfd0c42_thalassery-talai-harbour-gopalapetta-jetty-development.jpg"
keywords: ["Thalassery", "Talai Harbour", "Gopalapetta Jetty", "Karayi Rajan MLA", "Harbour Engineering", "Fisheries", "Kerala"]
---

# തലായി ഹാർബറിന്റെയും ഗോപാലപ്പേട്ട ജെട്ടിയുടെയും വികസനം: എം.എൽ.എ കാരായി രാജന്റെ അധ്യക്ഷതയിൽ യോഗം

> **Lead Summary:** തലശ്ശേരി: ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിലുള്ള തലശ്ശേരി തലായി മത്സ്യബന്ധന തുറമുഖത്തിന്റെയും ഗോപാലപ്പേട്ട ഫിംഗർ ജെട്ടിയുടെയും ഭാവി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ തലശ്ശേരി എം.എൽ.എ കാരായി രാജന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

## Article Content

തലശ്ശേരി: ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിലുള്ള തലശ്ശേരി തലായി മത്സ്യബന്ധന തുറമുഖത്തിന്റെയും ഗോപാലപ്പേട്ട ഫിംഗർ ജെട്ടിയുടെയും ഭാവി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ തലശ്ശേരി എം.എൽ.എ കാരായി രാജന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

തലശ്ശേരി നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തുറമുഖങ്ങളുടെ നിലവിലെ സ്ഥിതിയും പുതിയ പദ്ധതികളും വിശദമായി അവലോകനം ചെയ്തു.

1994-ൽ കമ്മീഷൻ ചെയ്ത ഗോപാലപ്പേട്ട ഫിംഗർ ജെട്ടിക്ക് ഇതുവരെ 1,31,27,798 രൂപ ചിലവഴിച്ചു. നിലവിൽ 4,01,16,364 രൂപയുടെ വികസന പ്രവർത്തികൾ പുരോഗമിക്കുകയാണ്.

2018-ൽ കമ്മീഷൻ ചെയ്ത തലായി ഹാർബറിൽ ഇതുവരെ 34,46,83,851 രൂപ ചിലവഴിച്ചു. ഇപ്പോൾ 3,57,95,005 രൂപയുടെ വികസന പ്രവൃത്തികൾ നടന്നുവരുന്നുണ്ട്.

യോഗത്തിൽ നിരവധി ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നു. മികച്ച മത്സ്യവിപണനം ഉറപ്പാക്കുന്നതിന് തലായി ഹാർബറിലെ ഡ്രഡ്ജിങ് പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

ഡീസൽ പമ്പിങ്, ഐസ്‌പ്ലാന്റ് എന്നിവ PPI മാതൃകയിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത വിശദമായി പരിശോധിക്കാനും തീരുമാനമായി. തുറമുഖങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കോസ്റ്റൽ പോലീസിന്റെ ഇടപെടൽ വർധിപ്പിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ CCTV സ്ഥാപിക്കാനും യോഗം നിർദ്ദേശം നൽകി.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തുറമുഖ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375446/thalassery-talai-fishing-harbour-development-meeting-chaired-by-mla-karayi-rajan)