---
title: "അപകടകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി"
english_title: "Kerala To Implement Supreme Court Order On Euthanasia Of Aggressive Stray Dogs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375711/kerala-to-implement-supreme-court-order-on-euthanasia-of-aggressive-stray-dogs"
published_at: "2026-07-31T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68727938c23ec_Untitled-1_copy.jpg"
keywords: []
---

# അപകടകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

> **Lead Summary:** തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനിച്ചു.അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി ഉത്തരവാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി.

## Article Content

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനിച്ചു.അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി ഉത്തരവാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി.

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. ഏതൊക്കെ നായ്ക്കളെ ദയാവധം ചെയ്യണമെന്ന് ഈ സമിതിക്കായിരിക്കും തീരുമാനമെടുക്കാനുള്ള അധികാരം. വെറ്ററിനറി ഡോക്ടർ, പഞ്ചായത്ത്/മുനിസിപ്പൽ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സമിതിയിൽ ഉണ്ടാകും.

അതേസമയം പിടികൂടുന്ന നായ്ക്കൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കാനും സർക്കാർ നീക്കം തുടങ്ങി. ഇതിനായി ജില്ലാ കളക്ടർമാർക്ക് സ്ഥലം കണ്ടെത്താൻ നിർദേശം നൽകും.

രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകളെ ഷെൽട്ടറായി പരിഗണിക്കും. ഇത്തരം വീടുകൾക്ക് 'സ്മോൾ ഷെൽട്ടർ ലൈസൻസ്' നൽകാനും തീരുമാനിച്ചു.

തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നതിനും പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കും. നിശ്ചിത സ്ഥലങ്ങളിൽ മാത്രം ഭക്ഷണം നൽകുന്ന രീതി നടപ്പാക്കാനാണ് ആലോചന.

കടിയേൽക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര നിർദേശപ്രകാരം കേരളം കർശന നടപടികളിലേക്ക് കടക്കുന്നത്. ജനങ്ങളുടെ സുരക്ഷയും മൃഗക്ഷേമവും ഒരുപോലെ പരിഗണിച്ചായിരിക്കും നടപടികൾ എന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375711/kerala-to-implement-supreme-court-order-on-euthanasia-of-aggressive-stray-dogs)