---
title: "ഓണം ബമ്പർ കമ്മീഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധം; ആഗസ്റ്റ് 5ന് ഭാഗ്യക്കുറി ഓഫീസിലേക്ക് CITU മാർച്ച്"
english_title: "CITU Protest March To Kannur District Lottery Office On August 5"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375813/citu-protest-march-to-kannur-district-lottery-office-on-august-5"
published_at: "2026-07-31T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c95c981c3a_Untitled-12_copy.jpg"
keywords: ["CITU", "Kerala Lottery", "Onam Bumper", "Commission Cut", "Kannur", "Lottery Agents", "Protest"]
---

# ഓണം ബമ്പർ കമ്മീഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധം; ആഗസ്റ്റ് 5ന് ഭാഗ്യക്കുറി ഓഫീസിലേക്ക് CITU മാർച്ച്

> **Lead Summary:** കണ്ണൂർ: ലോട്ടറി തൊഴിലാളി യൂണിയൻ CITU ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

## Article Content

കണ്ണൂർ: ലോട്ടറി തൊഴിലാളി യൂണിയൻ CITU ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന് ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും നൽകുന്ന കമ്മീഷൻ സർക്കാർ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നതാണ് പ്രധാന ആവശ്യം.

അതോടൊപ്പം സമ്മാനാർഹമായതും വിൽപ്പന നടത്താത്തതുമായ ടിക്കറ്റുകൾ ഓഫീസുകളിൽ നിന്ന് മോഷണം പോയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണം. വ്യാജ സമ്മാന ടിക്കറ്റുകൾ ഹാജരാക്കി തുക കൈക്കലാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടപടി വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.ഒറ്റ നമ്പർ ലോട്ടറി, ഓൺലൈൻ ലോട്ടറി, എഴുത്ത് ലോട്ടറി എന്നിവ സംസ്ഥാനത്ത് കർശനമായി തടയണമെന്നും നേതാക്കൾ പറഞ്ഞു.

ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം സംരക്ഷിക്കുന്നതിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. സർക്കാർ ആവശ്യങ്ങൾക്ക് അനുകൂല തീരുമാനമെടുക്കുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി പ്രസാദ്, എൻ ദിനേശൻ, പി വിജയൻ, പി വി ശ്രീജ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375813/citu-protest-march-to-kannur-district-lottery-office-on-august-5)