---
title: "മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തകർക്കാൻ ഗൂഢാലോചന; ചെയർമാനെ വധിക്കാൻ കൊട്ടേഷൻ നൽകിയതായി സൂചന"
english_title: "Kannur Multistate Cooperative Society Conspiracy Chairman Murder Plot Allegation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376425/kannur-multistate-cooperative-society-conspiracy-chairman-murder-plot-allegation"
published_at: "2026-08-03T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70a68bd37af_kannur-multistate-cooperative-society-conspiracy.jpg"
keywords: ["Kannur", "Multistate Cooperative", "Conspiracy", "Murder Plot", "Police Investigation"]
---

# മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തകർക്കാൻ ഗൂഢാലോചന; ചെയർമാനെ വധിക്കാൻ കൊട്ടേഷൻ നൽകിയതായി സൂചന

> **Lead Summary:** കണ്ണൂർ: പ്രമുഖ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്സൊസൈറ്റിയെ സാമ്പത്തികമായും ഭരണപരമായും തകർക്കാൻ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചന നടക്കുന്നതായി ഞെട്ടിക്കുന്ന ആരോപണം.

## Article Content

കണ്ണൂർ: പ്രമുഖ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്സൊസൈറ്റിയെ സാമ്പത്തികമായും ഭരണപരമായും തകർക്കാൻ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചന നടക്കുന്നതായി ഞെട്ടിക്കുന്ന ആരോപണം.

കേരളത്തിലെ പ്രമുഖ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സിഇഒയെയും ചെയർമാനെയും വധിക്കാൻ എട്ടംഗ സംഘത്തിന് കൊട്ടേഷൻ നൽകിയെന്നും ഇവർ വിവിധ ജില്ലകളിൽ സജീവമാണെന്നുമാണ് പുറത്തുവരുന്ന വിവരം.

സൊസൈറ്റിയിൽ നിന്ന് നേരത്തെ പുറത്തുപോയ ചില ജീവനക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സൂചന. സൊസൈറ്റിയുടെ ഭരണസംവിധാനം തകർക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് സിഇഒയ്ക്കും ചെയർമാനും നേരെ വധഭീഷണിയും കൊട്ടേഷനും ഉണ്ടായതെന്നും പറയപ്പെടുന്നു.

എട്ടംഗങ്ങളടങ്ങുന്ന സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ദൃശ്യങ്ങളും അടക്കമുള്ള തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും സൂചനയുണ്ട്.

ഈ സംഭവങ്ങളുടെ പിന്നിൽ മറ്റൊരു അഗ്രികൾച്ചറൽ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധമുള്ളയാൾക്കും പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സൊസൈറ്റിയിൽ നിന്ന് വിട്ടുപോയ ജീവനക്കാരുടെ കൂട്ടായ്മയാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യവും സാമ്പത്തിക താൽപര്യങ്ങളുമാണ് കാരണമെന്നും പറയപ്പെടുന്നു.

സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിയിൽ പറയുന്ന വീഡിയോകളും മറ്റ് ഡിജിറ്റൽ തെളിവുകളും ശേഖരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

സൊസൈറ്റി ഭരണസമിതി അടിയന്തര യോഗം ചേർന്ന് നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചതായി സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.അയൽ സംസ്ഥാനത്ത് ക്രിമിനൽ കേസിൽ പ്രതികളായ സംഘം അടുത്തിടെ പോലീസ് പിടിയിലായി ജയിലിൽ കിടന്നതായും വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376425/kannur-multistate-cooperative-society-conspiracy-chairman-murder-plot-allegation)