---
title: "ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം ; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം"
english_title: "Kannur ADM Seeks Explanation For Ambulance Without Freezer Rajesh Body"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377319/kannur-adm-explanation-ambulance-without-freezer-rajesh-body"
published_at: "2026-08-07T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75dd02cdd45_kannur-adm-explanation-ambulance-without-freezer.jpg"
keywords: ["Kannur", "Cherupuzha", "Rajesh", "ADM", "Ambulance", "Pariyaram Medical College"]
---

# ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം ; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം

> **Lead Summary:** കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തി കണ്ണൂർ എഡിഎം വിശദീകരണം തേടി.

## Article Content

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തി കണ്ണൂർ എഡിഎം വിശദീകരണം തേടി.

പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടുമാണ് എഡിഎം നോട്ടീസ് നൽകിയത്. ഇന്ന് വൈകിട്ട് 3 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം.

ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽപെട്ട ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് എസ്.ഡി.ആർ.എഫ് ജവാൻ കൂടിയായ രാജേഷ് ഒഴുക്കിൽപെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃതദേഹം ലഭിച്ചത്.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രി 8 മണിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എന്നാൽ പരിയാരത്തുള്ള ആംബുലൻസിൽ ഫ്രീസർ സൗകര്യം ഉണ്ടായിരുന്നില്ല.

ഫ്രീസർ ഇല്ലാത്ത കാര്യം റവന്യൂ അധികൃതരെ അറിയിച്ചിരുന്നുവെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. സ്വകാര്യ ആംബുലൻസുകൾ വലിയ തുക വാടക ആവശ്യപ്പെട്ടതിനാലാണ് ഇത് ഉപയോഗിച്ചതെന്നും സൂപ്രണ്ട് വിശദീകരിച്ചു.എന്നാൽ ഇത്തരമൊരു പ്രശ്നത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് പയ്യന്നൂർ തഹസീൽദാറുടെ നിലപാട്.

കോഴിക്കോട് എത്തിയപ്പോഴേക്കും മൃതദേഹത്തിന്റെ അവസ്ഥ മോശമായതായി കണ്ടു. ഇതേത്തുടർന്ന് സൂപ്രണ്ടിന്റെ ഇടപെടലിൽ ചാവക്കാട് വെച്ച് സ്വകാര്യ ഫ്രീസർ ആംബുലൻസ് ഏർപ്പെടുത്തിയാണ് പിന്നീട് കൊണ്ടുപോയത്.

സംഭവം വിവാദമായതോടെ റവന്യൂ മന്ത്രി കെ. രാജൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കണ്ണൂർ എഡിഎമ്മിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് റവന്യൂ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നതായി രാജേഷിന്റെ നാട്ടിൽ നിന്നെത്തിയ പഞ്ചായത്തംഗം മഹേഷും പറഞ്ഞു.മൃതദേഹം കൊണ്ടുപോകുന്നതിലെ പ്രോട്ടോക്കോൾ ലംഘനമുണ്ടായോ എന്നാണ് എഡിഎമ്മിന്റെ അന്വേഷണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377319/kannur-adm-explanation-ambulance-without-freezer-rajesh-body)