---
title: "ഓണക്കാല വിപണി ലക്ഷ്യമിട്ടെത്തിയ തെരുവോര കച്ചവടക്കാരോട് തലശേരി നഗരസഭ പറയുന്നു 'നടക്ക്, സ്റ്റേഡിയത്തിലേക്ക്' ; പ്രതിഷേധം ശക്തം"
english_title: "Thalassery Municipality Moves Street Vendors To Stadium Onam Market Protest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/378947/thalassery-municipality-moves-street-vendors-to-stadium-onam-market-protest"
published_at: "2026-08-17T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82fc935345a_thalassery-street-vendors-protest-onam-market.jpg"
keywords: []
---

# ഓണക്കാല വിപണി ലക്ഷ്യമിട്ടെത്തിയ തെരുവോര കച്ചവടക്കാരോട് തലശേരി നഗരസഭ പറയുന്നു 'നടക്ക്, സ്റ്റേഡിയത്തിലേക്ക്' ; പ്രതിഷേധം ശക്തം

> **Lead Summary:** തലശേരി: ഓണക്കാല വിപണി ലക്ഷ്യമിട്ട് തലശേരിയിലെത്തിയ തെരുവോര കച്ചവടക്കാരെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തലശേരി നഗരസഭാ സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നഗരസഭയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുൻകൂട്ടി അറിയിക്കാതെയാണ് കച്ചവടക്കാരെ സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നീക്കം നടത്തുന്നതെന്നാണ് വ്യാപാരികളുടെ പരാതി. ഓണക്കാല കച്ചവടത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം സാധനങ്ങളുമായി എത്തിയവരാണ് നഗരസഭയുടെ നടപടിയിൽ ആശങ്കയിലായത്.

## Article Content

തലശേരി: ഓണക്കാല വിപണി ലക്ഷ്യമിട്ട് തലശേരിയിലെത്തിയ തെരുവോര കച്ചവടക്കാരെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തലശേരി നഗരസഭാ സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നഗരസഭയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുൻകൂട്ടി അറിയിക്കാതെയാണ് കച്ചവടക്കാരെ സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നീക്കം നടത്തുന്നതെന്നാണ് വ്യാപാരികളുടെ പരാതി. ഓണക്കാല കച്ചവടത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം സാധനങ്ങളുമായി എത്തിയവരാണ് നഗരസഭയുടെ നടപടിയിൽ ആശങ്കയിലായത്.

ഓണമോ വിഷുവോ, ഉത്സവകാല വിപണിയെന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തലശേരി പഴയ ബസ് സ്റ്റാൻഡ് തെരുവോര കച്ചവടക്കാരുടെ പ്രധാന കേന്ദ്രമാണ്. ഉത്സവ സീസണുകളിൽ ഇവിടെ ഇടം കണ്ടെത്താൻ കച്ചവടക്കാർക്കിടയിൽ ആരോഗ്യകരമായ മത്സരം പോലും ഉണ്ടാകാറുണ്ട്. നഗരസഭയ്ക്ക് കൃത്യമായി സ്ഥലവാടക നൽകിയാണ് ഓരോരുത്തരും ഇവിടെ കച്ചവടത്തിനുള്ള ഇടം കണ്ടെത്തുന്നത്.

(www.thalasserynews.in)ഓണ വിപണി ലക്ഷ്യമിട്ട് ഇത്തവണയും പതിവിലും നേരത്തെ നിരവധി തെരുവോര വ്യാപാരികൾ തലശേരിയിലെത്തിയിരുന്നു. എന്നാൽ ഇവരെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് നഗരസഭാ സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് തങ്ങളുടെ ഉപജീവനത്തെ തന്നെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം.

30 വർഷത്തോളമായി ആഘോഷ വേളകളിൽ തലശേരിയിലെത്തി കച്ചവടം നടത്തുന്ന സേലം സ്വദേശികളായ അരുണാചലം, ഷൺമുഖം, ഗുണശേഖരൻ എന്നിവർ നഗരസഭയുടെ തീരുമാനത്തിൽ കടുത്ത ആശങ്കയിലാണ്. പഴയ ബസ് സ്റ്റാൻഡിൽ കച്ചവടം നടത്തിയാൽ ലഭിക്കുന്നതുപോലെ സ്റ്റേഡിയത്തിൽ ഉപഭോക്താക്കളെത്താൻ സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്.

ഓണക്കാല വിപണി ലക്ഷ്യമിട്ട് വർഷങ്ങളായി തലശേരിയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല. 26 വർഷമായി തലശേരിയിൽ എത്തുന്നുണ്ടെന്നും ഇത്തവണയും പഴയ സ്റ്റാന്റിൽ കച്ചവടം നടത്താൻ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കച്ചവടം നടക്കാതെ വന്നാൽ ഭക്ഷണം കഴിക്കാനുള്ള പണം പോലും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇവർ കണ്ണീരോടെ പറയുന്നു.

വാഹന പാർക്കിങ്ങിന് ആവശ്യമായ സൗകര്യമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ വർഷം മുതൽ തെരുവോര കച്ചവടം സ്റ്റേഡിയത്തിലേക്ക് മാറ്റാൻ നഗരസഭ ശ്രമിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ ചുരുക്കം ചില കച്ചവടക്കാർ മാത്രമാണ് പഴയ ബസ് സ്റ്റാൻഡിൽ കച്ചവടം നടത്തുന്നത്. നഗരസഭയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് മറ്റുള്ളവർ.

കൽക്കത്ത, ബംഗളൂരു, മൈസൂരു, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടം വാങ്ങിയും മറ്റും സാധനങ്ങൾ എത്തിച്ചവരാണ് പലരും. ഓണക്കാല കച്ചവടം മുന്നിൽക്കണ്ട് വലിയ തുക മുടക്കി സാധനങ്ങൾ എത്തിച്ച സാഹചര്യത്തിൽ ഇത്തവണയെങ്കിലും പഴയ ബസ് സ്റ്റാൻഡിൽ കച്ചവടം നടത്താൻ അനുവദിക്കണമെന്നാണ് തിരുവില്വാമല സ്വദേശി കൃഷ്ണന്റെ ആവശ്യം. മൂന്ന് പതിറ്റാണ്ടോളമായി തലശേരിയിലെത്തുന്ന കൃഷ്ണനും നഗരസഭയുടെ നീക്കത്തിൽ ആശങ്കയിലാണ്.

ഉത്സവകാലത്ത് മാത്രം ലഭിക്കുന്ന വരുമാനംകൊണ്ട് വർഷം മുഴുവൻ കുടുംബം പുലർത്തുന്നവരാണ് പല തെരുവോര കച്ചവടക്കാരും. അതിനാൽ കച്ചവട കേന്ദ്രം മാറ്റുന്നത് തങ്ങളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുമെന്നാണ് ഇവരുടെ വാദം. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്കും വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് നഗരസഭ.

നഗരസഭയുടെ തീരുമാനം തങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കാത്ത തരത്തിലാകണമെന്നാണ് തെരുവോര കച്ചവടക്കാരുടെ ആവശ്യം. ഓണക്കാലത്ത് തലശേരിയിലെത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ വാങ്ങാനും തങ്ങൾക്ക് കച്ചവടം നടത്താനും കഴിയുന്ന തരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നഗരസഭയുടെ അന്തിമ തീരുമാനം എന്താകുമെന്ന പ്രതീക്ഷയിലാണ് ഓണക്കാല വിപണിക്കായി തലശേരിയിലെത്തിയ തെരുവോര കച്ചവടക്കാർ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/378947/thalassery-municipality-moves-street-vendors-to-stadium-onam-market-protest)