---
title: "പാൽച്ചുരം റോഡിൽ മാലിന്യ നിക്ഷേപം പതിവാകുന്നു; ആരോഗ്യഭീഷണിയെന്ന് നാട്ടുകാർ"
english_title: "Palchuram Boys Town Interstate Road Waste Dumping Health Threat Kelakam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/380299/palchuram-boys-town-road-waste-dumping-ashramam-junction-kelakam"
published_at: "2026-08-29T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92696ebf21a_Untitled-5_copy.jpg"
keywords: ["Palchuram Road", "Waste Dumping", "Interstate Road", "Kannur Wayanad Road"]
---

# പാൽച്ചുരം റോഡിൽ മാലിന്യ നിക്ഷേപം പതിവാകുന്നു; ആരോഗ്യഭീഷണിയെന്ന് നാട്ടുകാർ

> **Lead Summary:** കേളകം: കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയായ പാൽച്ചുരം-ബോയ്സ് ടൗൺ റോഡിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.

## Article Content

കേളകം: കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയായ പാൽച്ചുരം-ബോയ്സ് ടൗൺ റോഡിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ, ആശ്രമം ജങ്ഷന് സമീപം റോഡരികിലാണ് വൻതോതിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.

നിരോധിത പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് മാലിന്യങ്ങൾ പാതയോരത്ത് ഉപേക്ഷിച്ചിട്ടുള്ളത്. മഴ പെയ്യുന്നതോടെ ഇവ റോഡരികിലെ അഴുക്കുചാലുകളിലേക്ക് ഒഴുകിയെത്തുന്നത് പരിസര പ്രദേശങ്ങളിൽ വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്.

ചുരത്തിലെത്തുന്ന യാത്രാ വാഹനങ്ങളും സാമൂഹ്യവിരുദ്ധരുമാണ് രാത്രികാലങ്ങളിൽ ഇവിടെ രഹസ്യമായി മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് ഹെൽത്ത് വിഭാഗത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

മലയോര പാതയിൽ മാലിന്യ നിക്ഷേപം പെരുകുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും കനത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. റോഡരികിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാനും ദുർഗന്ധവും രോഗഭീതിയും ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ കർശന പരിശോധന ഏർപ്പെടുത്തണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/380299/palchuram-boys-town-road-waste-dumping-ashramam-junction-kelakam)