---
title: "വധശ്രമക്കേസിൽ 29 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ"
english_title: "Kannur Attempt To Murder Case Absconding Accused Arrested After 29 Years Operation Grip"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/381661/kannur-attempt-murder-case-accused-absconding-29-years-arrested-operation-grip"
published_at: "2026-09-08T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fbdd24a66b_kannur-attempt-murder-case-accused-absconding-29-years-arrested-operation.jpg"
keywords: []
---

# വധശ്രമക്കേസിൽ 29 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ കണ്ണൂർ സിറ്റി ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അഴീക്കോട് മീൻകുന്ന് സ്വദേശിയായ തായകത്ത് ഫസലാണ് പോലീസിന്റെ വലയിലായത്.

## Article Content

കണ്ണൂർ: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ കണ്ണൂർ സിറ്റി ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അഴീക്കോട് മീൻകുന്ന് സ്വദേശിയായ തായകത്ത് ഫസലാണ് പോലീസിന്റെ വലയിലായത്.

1997-ൽ അഴീക്കോട് സ്വദേശിയായ സുനിലിനെ മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഫസൽ. സംഭവത്തിന് ശേഷം കോടതിയിൽ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയ ഇയാൾ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.

ഒളിവിലുള്ള കുറ്റവാളികളെയും പരമാവധി കേസുകളിലെ പ്രതികളെയും കണ്ടെത്താനായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്. കണ്ണൂർ റേഞ്ച് ഐജി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം, സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഇയാൾ വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നീക്കം.

കണ്ണൂർ എസിപി എം.പി. ആസാദ്, വളപട്ടണം ഇൻസ്പെക്ടർ ആർ. വിജേഷ്, സബ് ഇൻസ്പെക്ടർ ടി.എം. വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപരമായി വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ആവശ്യമായ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർഷങ്ങൾ പഴക്കമുള്ള കേസുകളിലെ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/381661/kannur-attempt-murder-case-accused-absconding-29-years-arrested-operation-grip)