---
title: "2029 ആകുമ്പോഴേക്കും ഇന്ത്യയൊട്ടാകെ ലഹരിമുക്തമാകണമെന്നും, ഓപ്പറേഷൻ തൂഫാൻ  ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണെന്നും  രമേശ് ചെന്നിത്തല."
english_title: "Operation Toofan Biggest Anti Drug Drive Across India Says Home Minister Ramesh Chennithala"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383181/operation-toofan-biggest-anti-drug-drive-across-india-ramesh-chennithala"
published_at: "2026-09-17T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac0cf492bad_Untitled-4_copy.jpg"
keywords: ["Ramesh Chennithala", "Operation Toofan", "Kerala Home Minister", "Anti Drug Drive", "Thiruvananthapuram"]
---

# 2029 ആകുമ്പോഴേക്കും ഇന്ത്യയൊട്ടാകെ ലഹരിമുക്തമാകണമെന്നും, ഓപ്പറേഷൻ തൂഫാൻ  ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണെന്നും  രമേശ് ചെന്നിത്തല.

> **Lead Summary:** ഓപ്പറേഷൻ തൂഫാൻ കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ഓപ്പറേഷൻ തൂഫാൻ കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2029 ആകുമ്പോഴേക്കും ഇന്ത്യ ഒട്ടാകെ ലഹരിമുക്തമായി മാറണമെന്നും അതിനായി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ ഇല്ലാത്തപ്പോഴും ലഹരിക്കെതിരെ പോരാടിയിട്ടുണ്ട്, ഇനിയും പോരാടുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനകീയമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച ജനപിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൂഫാൻ സ്ട്രൈക്ക്, തൂഫാൻ എഡ്യൂക്കേറ്റ്, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് ലഹരി നിർമാർജന പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ വിജയകരമായിരുന്നുവെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. സ്ത്രീകളിൽ നിന്നും അമ്മമാരിൽ നിന്നും വലിയ പ്രശംസയും പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സഹകരിച്ച് സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തമിഴ്നാട്ടിൽ അദ്ദേഹം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരിട്ട് തുടക്കമിട്ടു എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീർഘകാല പ്രവർത്തനങ്ങളിൽ കേരള പൊലീസ് മുന്നിൽ നിന്ന് പ്രവർത്തിക്കും. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കവർച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരായ കേസുകളിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തുകളിക്കുന്നു എന്ന് ആരോപിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ 10 വർഷമായി എവിടെയായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ലേ, എന്നിട്ട് പിണറായി വിജയനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്, അപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലല്ലേ ഒത്തുകളിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. താൻ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് പല അഴിമതികളും പുറത്തുകൊണ്ടുവന്നിരുന്നു എന്നും മന്ത്രി പറഞ്ഞു. മാസപ്പടി വിവാദം ഉൾപ്പെടെയുള്ള ഇഡി അന്വേഷിക്കുന്ന കേസുകളിൽ അടുത്തിടെയാണ് ഡിജിപിക്ക് റിപ്പോർട്ട് കിട്ടിയത്. അതിന്മേൽ അഡ്വക്കേറ്റ് ജനറലിനോട് ആഭ്യന്തരമന്ത്രി എന്ന നിലയിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Home Minister Ramesh Chennithala said at India Today Round Table Conclave at Leela Kovalam Hotel Thiruvananthapuram that Operation Toofan is the biggest anti-drug drive across India, not just Kerala, and India should become drug-free by 2029. He said second phase starts September 28, expanding to villages and local bodies with three v…

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383181/operation-toofan-biggest-anti-drug-drive-across-india-ramesh-chennithala)