---
title: "തലശേരി നഗരമധ്യത്തിൽ വർഷങ്ങളായി ദുരിതയാത്ര; ലോഗൻസ് റോഡ്–വാധ്യാർ പീടിക റോഡ് തകർന്ന നിലയിൽ"
english_title: "Thalassery Logans Road Vadhyar Peedika Road Damaged Years Potholes"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383866/thalassery-logans-road-vadhyar-peedika-road-damaged-years"
published_at: "2026-09-23T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab350a67a8bd_thalassery-logans-road-vadhyar-peedika-road-damaged-years.jpg"
keywords: [": Thalassery", "Logans Road", "Vadhyar Peedika Road", "Road Damaged", "Potholes"]
---

# തലശേരി നഗരമധ്യത്തിൽ വർഷങ്ങളായി ദുരിതയാത്ര; ലോഗൻസ് റോഡ്–വാധ്യാർ പീടിക റോഡ് തകർന്ന നിലയിൽ

> **Lead Summary:** തലശേരി: തലശേരി നഗരമധ്യത്തിലെ ലോഗൻസ് റോഡിൽ നിന്ന് വാധ്യാർ പീടികയിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ശാശ്വത പരിഹാരമില്ല. നഗരത്തിലെ പ്രധാന ഗതാഗതപാതകളിലൊന്നായ റോഡ് ഇപ്പോൾ യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിക്കുകയാണ്.

## Article Content

തലശേരി: തലശേരി നഗരമധ്യത്തിലെ ലോഗൻസ് റോഡിൽ നിന്ന് വാധ്യാർ പീടികയിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ശാശ്വത പരിഹാരമില്ല. നഗരത്തിലെ പ്രധാന ഗതാഗതപാതകളിലൊന്നായ റോഡ് ഇപ്പോൾ യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിക്കുകയാണ്.

ഏകദേശം അര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പകുതിയോളം ഭാഗം നേരത്തെ ഇന്റർലോക്ക് ചെയ്തിരുന്നു. എന്നാൽ ശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചതോടെ റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇന്റർലോക്ക് ചെയ്ത ഭാഗത്തും കട്ടകൾ ഇളകിയും തകർന്നും കുഴികൾ രൂപപ്പെട്ടുമാണ് കിടക്കുന്നത്.

പൊട്ടിപ്പൊളിഞ്ഞ ഇന്റർലോക്ക് കട്ടകളും റോഡിലെ കുഴികളും ഇരുചക്ര വാഹന യാത്രികർക്കാണ് വലിയ ഭീഷണിയാകുന്നത്. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ കുഴികൾ ഒഴിവാക്കി വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ റോഡിന്റെ തകർച്ച കൂടുതൽ വ്യക്തമാകുകയും യാത്ര കൂടുതൽ ദുഷ്കരമാകുകയും ചെയ്യുന്നു.

ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹന യാത്രക്കാരും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. തകർന്ന റോഡിലൂടെ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കേണ്ടിവരുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

നിരവധി സ്ഥാപനങ്ങളിലേക്ക് എത്തുന്ന പ്രധാനപാത

റോഡിന്റെ ഇരുവശങ്ങളിലുമായി ഫെഡറൽ ബാങ്ക്, ഹോട്ടലുകൾ ഉൾപ്പെടെ നിരവധി വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ ദിവസവും നിരവധി ആളുകൾ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ വാഹനത്തിരക്കും കാൽനടയാത്രക്കാരുടെ എണ്ണവും കൂടുതലാണ്.

വർഷങ്ങളായി തുടരുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെയും പ്രദേശത്തെ വ്യാപാരികളുടെയും ആവശ്യം. പാതിവഴിയിൽ നിലച്ച ഇന്റർലോക്കിംഗ് പ്രവൃത്തി പൂർത്തിയാക്കി റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383866/thalassery-logans-road-vadhyar-peedika-road-damaged-years)