---
title: "അവസാന ആട്ടത്തിലും നിറഞ്ഞ് കവിഞ്ഞ് മെസി ; ഒരു ഗോളും രണ്ട് അസിസ്റ്റും, അവസാന മത്സരം അവിസ്മരണീയമാക്കി ഇതിഹാസം"
english_title: "Lionel Messi Farewell Match One Goal Two Assists Argentina vs Benin"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385938/lionel-messi-farewell-match-goal-two-assist-argentina-benin-3-0"
published_at: "2026-10-07T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac614d20ae49_Untitled-12_copy.jpg"
keywords: []
---

# അവസാന ആട്ടത്തിലും നിറഞ്ഞ് കവിഞ്ഞ് മെസി ; ഒരു ഗോളും രണ്ട് അസിസ്റ്റും, അവസാന മത്സരം അവിസ്മരണീയമാക്കി ഇതിഹാസം

> **Lead Summary:** ലോകത്തെ കാൽക്കീഴിലാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ​ഗോളുകൾക്ക് അസിസ്റ്റ് നൽകിയും പെനാൽറ്റി ​ഗോളാക്കി മാറ്റിയും മെസി കളം നിറഞ്ഞ് കളിച്ച് അവസാന മത്സരം അവിസ്മരണീയമാക്കി. ​

## Article Content

ലോകത്തെ കാൽക്കീഴിലാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ​ഗോളുകൾക്ക് അസിസ്റ്റ് നൽകിയും പെനാൽറ്റി ​ഗോളാക്കി മാറ്റിയും മെസി കളം നിറഞ്ഞ് കളിച്ച് അവസാന മത്സരം അവിസ്മരണീയമാക്കി. ​

ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നീലപ്പടയുടെ മൂന്ന് ​ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് ​ഗോൾ കണ്ടെത്തി ഒട്ടാമെൻഡി സ്കോറിങ്ങിന് തുടക്കമിട്ടു. 61-ാം മിനിറ്റിൽ യുവതാരം നിക്കോ പാസ് ​ഗോൾ നേടി. മെസി നൽകിയ പാസിൽ നിന്നായിരുന്നു നിക്കോ പാസിന്റെ ​ഗോൾ. 71-ാം മിനിറ്റിൽ ഒടുവിൽ ആ നിമിഷമെത്തി. തന്റെ അവസാന മത്സരത്തിൽ ലഭിച്ച പെനാൽറ്റി അദ്ദേഹം ലക്ഷ്യം കണ്ടു. മത്സരത്തിന്റെ പത്താം മിനിറ്റിൽ താരത്തിന് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു.

2022ൽ ഫിഫ ലോകകപ്പ് വിജയിച്ച അർജന്റീന ടീമംഗങ്ങളും മെസ്സിക്കൊപ്പം പന്ത് തട്ടി. തന്‍റെ അവസാന മത്സരത്തിന് നിറകണ്ണുകളോടെയാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. ആരാധകരുടെ തിരക്ക് കാരണം നിശ്ചയിച്ചതിലും വൈകിയാണ് ടീം ബസ് എത്തിയത്. ഇതോടെ മത്സരം വൈകി. മെസി എത്തിയതോടെ ആരാധകരും വികാരഭരിതരായി. മത്സരം അവസാനിച്ചതോടെ അർജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രക്ക് അവസാനമായി.

2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റ മത്സരം കളിച്ചത്. 207 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 125 ഗോളുകൾ‍ നേടി. മെസിയുടെ മികവിൽ മൂന്നു പ്രാവശ്യം അർജന്റീന ലോകകപ്പ് ഫൈനലെത്തി. 2022 ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കി. 2014ൽ ജർമനിയോടും 2026ൽ സ്പെയിനിനോടും ഫൈനലിൽ അടിയറവ് പറഞ്ഞു. അർജന്റീനയ്ക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും മെസി നേടി. ഇന്റർമയാമിക്കായി ആ കാലുകൾ ഇനിയും കവിത വിരിയിക്കും...

English Summary: Lionel Messi bid farewell after two decades at top, shining in his farewell match as Argentina beat African nation Benin 3-0 one-sided. Messi made it memorable with two assists and a penalty goal. After goalless first half, all three goals came second half. Otamendi opened scoring in 48th minute from Messi corner, Nico Paz scored in 61st minute from Messi pass, and Messi scored penalty in 71st minute. Match stopped in 10th minute to honor star. Members of 2022 FIFA World Cup winning Argentina team played with Messi. Messi arrived at stadium teary-eyed, team bus delayed due to fans rush delaying match. Fans emotional. With match end, Messi's more than two decade journey with Argentina ended. Messi debuted in 2005, scored 125 goals from 207 internationals. Argentina reached World Cup final thrice under Messi, won 2022 Qatar World Cup, lost to Germany in 2014 and Spain in 2026 final. Messi also won two Copa America titles with Argentina. His legs will continue to create poetry for Inter Miami.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385938/lionel-messi-farewell-match-goal-two-assist-argentina-benin-3-0)