---
title: "അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്ന പരാമർശം ; വിചാരണക്കോടതി ജഡ്ജിക്കെതിരായ അഡ്വ. ടി.ബി.  മിനിയുടെ ഹർജി തള്ളിഹൈക്കോടതി"
english_title: "Actress Assault Case Plea Against Trial Judge Remarks Dismissed High Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391971/actress-assault-case-plea-against-trial-judge-remarks-dismissed-high-court"
published_at: "2026-11-17T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbfbc3e22d2_actress-assault-case-plea-against-trial-judge-remarks-dismissed-high-court.jpg"
keywords: ["Actress Assault Case", "High Court", "TB Mini", "Trial Judge", "Contempt Plea"]
---

# അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്ന പരാമർശം ; വിചാരണക്കോടതി ജഡ്ജിക്കെതിരായ അഡ്വ. ടി.ബി.  മിനിയുടെ ഹർജി തള്ളിഹൈക്കോടതി

> **Lead Summary:** നടിയെ ആക്രമിച്ച കേസിലെ വാദം കേൾക്കുന്നതിനിടെ അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്ന വിചാരണക്കോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

## Article Content

നടിയെ ആക്രമിച്ച കേസിലെ വാദം കേൾക്കുന്നതിനിടെ അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്ന വിചാരണക്കോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് വിചാരണക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് അഭിഭാഷകയ്ക്കെതിരെ വ്യക്തിഗത പരാമർശങ്ങൾ ഉണ്ടായത്. അതിജീവിതയുടെ അഭിഭാഷക എവിടെയെന്ന് കോടതി ചോദിക്കുകയും, വിചാരണ വേളയിൽ അഭിഭാഷക പത്ത് ദിവസം മാത്രമേ കോടതിയിൽ ഉണ്ടായിട്ടുള്ളൂവെന്നും പല ദിവസങ്ങളിലും കോടതിയിൽ ഉറങ്ങുകയാണ് പതിവെന്നും ജഡ്ജി പരാമർശിക്കുകയും ചെയ്തിരുന്നു.

ഈ പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ ചർച്ചയാവുകയും സമൂഹമാധ്യമങ്ങളിലടക്കം കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്തതായി ടി.ബി. മിനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സൈബർ പ്രചാരണങ്ങൾ തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും അഭിഭാഷക വ്യക്തമാക്കി.

വിചാരണക്കോടതി ജഡ്ജിയുടെ പരാമർശങ്ങൾക്ക് പിന്നാലെ അഭിഭാഷക ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുന്നതിനായി അഡ്വക്കേറ്റ് ജനറലിനും പരാതി സമർപ്പിച്ചു. എന്നാൽ, ജഡ്ജിയുടെ നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരില്ലെന്ന മറുപടിയാണ് അഡ്വക്കേറ്റ് ജനറലിൽ നിന്നും ലഭിച്ചത്. ഇതേത്തുടർന്നാണ് ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി.ബി. മിനി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഹർജി തള്ളിയത്.

English Summary: The Kerala High Court has dismissed the plea filed by Adv. T.B. Mini, counsel for the survivor in the actress assault case, against remarks allegedly made by the trial court judge. A bench headed by Justice P.V. Kunhikrishnan dismissed the plea after detailed arguments. The plea sought suo motu contempt proceedings against trial court judge Honey M. Varghese. The remarks were allegedly made while considering contempt complaints related to the case, including that the counsel was present only for ten days during trial and used to sleep in court on many days. Mini had contended that the remarks, once reported in the media, led to widespread discussion and severe cyber attacks causing mental distress. She had earlier complained to the High Court Administrative Committee and the Advocate General, who replied that the judge’s conduct would not fall within contempt.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391971/actress-assault-case-plea-against-trial-judge-remarks-dismissed-high-court)